ഷാര്‍ജ ആര്‍ട്ട് ഫെസ്റ്റ് ആരംഭിച്ചു
ഷാര്‍ജയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അല്‍കസബയില്‍ ആര്‍ട്ട് ഫെസ്റ്റിവല്‍ ആരംഭിച്ചു. എമിറേറ്റിലെ പ്രധാന വാര്‍ഷിക സാംസ്‌കാരികാഘോഷമായ ആര്‍ട്ട് ഫെസ്റ്റിവലില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ച ആരംഭിച്ച ഫെസ്റ്റിവല്‍ ഈ മാസം 31 വരെ നീണ്ടുനില്‍ക്കും.
ജലച്ചായം, സംഗീതം, നൃത്തം, ചിത്രങ്ങളെക്കുറിച്ചുള്ള തീയേറ്റര്‍ ശില്പശാലകള്‍, ആഫ്രിക്കന്‍ നൃത്തരൂപങ്ങള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഷാര്‍ജ നോളജ് വിതൗട്ട് ബോര്‍ഡേഴ്‌സ് (കെ.ഡബ്‌ള്യു ബി.) ന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കഥ പറയല്‍ പരിപാടിയുമുണ്ട്.
കടലാസുകളില്‍നിന്നും വിവിധതരം പൂക്കള്‍ നിര്‍മിച്ചുകൊണ്ടും കാണികളുടെ രൂപസാദൃശ്യമുള്ള ചിത്രങ്ങള്‍ തത്സമയം വരച്ചുകൊണ്ടും ആര്‍ട്ട് ഫെസ്റ്റിവല്‍ ആകര്‍ഷകമാക്കുന്നു.