Kerala

പ്രളയത്തിന് ശേഷം ആലുവ പാലസ് തുറന്നു

പ്രളയത്തിന് ശേഷം ആലുവ പാലസ് തുറന്നു. ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ച പാലസ് അനക്‌സ് നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് തുറന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് ശേഷമുള്ള ആദ്യ അതിഥിയായി മന്ത്രി കെ കൃഷ്ണന്‍കുട്ടി എത്തി.

പാലസിലെ അനക്‌സ് കെട്ടിടത്തിന്റെ പുനരുദ്ധാരണം പൂര്‍ണമായതിനെത്തുടര്‍ന്ന് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി കഴിഞ്ഞദിവസം ടൂറിസം വകുപ്പിന് താക്കോല്‍ കൈമാറിയിരുന്നു. സര്‍ക്കാര്‍ അതിഥികള്‍ക്കും വി.ഐ.പി.കള്‍ക്കും മാത്രമാണ് മുറി അനുവദിച്ചിരിക്കുന്നത്.

ജനുവരി ഒന്ന് മുതലേ പൊതുജനങ്ങള്‍ക്ക് പാലസില്‍ താമസിക്കാനുള്ള സൗകര്യം ഉണ്ടാവുകയുള്ളൂ. കെട്ടിടത്തിന്റെ പെയിന്റിങ് ജോലികള്‍ ഉള്‍പ്പെടെ 46 ലക്ഷം രൂപയ്ക്കാണ് ഊരാളുങ്കല്‍ സൊസൈറ്റി കരാറെടുത്തിരുന്നത്. നവീകരണത്തിന് കരാറുകാര്‍ക്ക് ആഴ്ചകള്‍ മാത്രമാണ് വേണ്ടിവന്നത്. പാലസ് അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് താത്കാലികമായി പറഞ്ഞുവിട്ട ഏഴ് കരാര്‍ ജീവനക്കാരെയും തിരിച്ചെടുത്തിട്ടുണ്ട്.

സ്ഥിരം ജീവനക്കാരില്‍ ചിലരെ മറ്റ് ഗസ്റ്റ് ഹൗസുകളിലേക്കും മാറ്റിയിരുന്നു. ഇവരെയെല്ലാം തിരിച്ചുവിളിച്ചുതുടങ്ങി. ചുറ്റുമതിലിന്റെ പെയിന്റിങ് മാത്രമാണ് ഇനി അവശേഷിക്കുന്നത്.

പെരിയാര്‍ തീരത്തുള്ള ആലുവ പാലസ് പ്രളയത്തെ തുടര്‍ന്ന് ഓഗസ്റ്റ് 15-ന് രാത്രിയിലാണ് അടയ്ക്കുന്നത്. വെള്ളമിറങ്ങിയ ശേഷം വലിയ നാശമാണ് പാലസിനുണ്ടായത്. എല്ലായിടത്തും കയറിയ ചെളി ജീവനക്കാരുടെ നേതൃത്വത്തില്‍ നീക്കംചെയ്തു.

ജനറേറ്റര്‍, ശീതീകരണ സംവിധാനം, മാലിന്യസംസ്‌കരണ പ്ലാന്റ് എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഈ ജോലികള്‍ക്ക് പുറമെ ഇലക്ട്രിഫിക്കേഷന്‍, പ്ലമ്പിങ്, പെയിന്റിങ് എന്നിവയാണ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ചെയ്തത്. പാലസില്‍ അഞ്ചടിയോളമാണ് വെള്ളം ഉയര്‍ന്നതെങ്കിലും മൂന്നുനില കെട്ടിടം മുഴുവനായി പെയിന്റ് ചെയ്യുന്നതിനുള്ള തുക എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.