രാജ്യത്തെ ആദ്യ അതിവേഗ ട്രെയിന്‍ 29ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും
ഇന്ത്യയിലെ ആദ്യ എഞ്ചിനില്ലാത്തതും, അതിവേഗ തീവണ്ടിയുമായ ട്രെയിന്‍ 18 ഡിസംബര്‍ 29ന് വാരണാസിയില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും. ശതാബ്ദി തീവണ്ടികള്‍ക്കു പകരമുള്ള ട്രെയിന്‍ 18 ഡല്‍ഹിക്കും വാരണാസിക്കുമിടയിലാണ് സര്‍വ്വീസ് നടത്തുക.
ചെന്നൈയിലെ ഐസിഎഫ് ആണ് ഈ തീവണ്ടി നിര്‍മ്മിച്ചിരിക്കുന്നത്. 100 കോടി രൂപയാണ് ഇതിന്റെ നിര്മാണ് ചെലവ്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ട്രെയിന്‍ 18 ഡല്‍ഹിക്കും രാജധാനിക്കും ഇടയിലുള്ള റൂട്ടില്‍ ട്രയല്‍ റണ്‍ നടത്തി.
ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് ഈ ട്രെയിന്‍ വരുന്നത്. വൈഫൈ, ജിപിഎസ് അധിഷ്ഠിത പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ടച്ച് ഫ്രീ ബയോ-വാക്വം ടൊയ്ലറ്റ്, എല്‍ഇഡി ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിങ് പോയിന്റ്, കാലാവസ്ഥ അനുസരിച്ച് താപനില നിയന്ത്രിക്കുന്നതിനുള്ള സംവിധാനം എന്നിവയെല്ലാം ഈ ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്.
52 സീറ്റുകള്‍ വീതമുള്ള രണ്ട് എക്സിക്യൂട്ടീവ് കമ്പാട്ട്മെന്റുകള്‍ ട്രെയിനില്‍ ഉണ്ടാകും. ട്രെയിലര്‍ കോച്ചുകളില്‍ 72 സീറ്റുകള്‍ വീതം ഉണ്ടായിരിക്കും. ട്രെയിന്‍ പോകുന്ന ദിശയനുസരിച്ച് മാറുന്നതായിരിക്കും എക്സിക്യൂട്ടീവ് കമ്പാര്‍ട്ട്മെന്റിലെ സീറ്റുകള്‍.
പതിനാറ് കോച്ചുകളാണ് ട്രെയിനിലുള്ളത്. ശതാബ്ദി ട്രെയിനുകളുടെ അത്ര തന്നെ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ ട്രെയിന്‍ 18ന് കഴിയും. ശതാബ്ദിയുടേതിനെക്കാള് 15 ശതമാനം കുറവ് റണ്ണിങ് ടൈം ആണ് ട്രെയിന്‍ 18ന് ആവശ്യം.
നിലവിലെ പദ്ധതിയനുസരിച്ച്, രാവിലെ ആറുമണിക്ക് ന്യൂഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് വാരണാസിയില്‍ എത്തും. പിന്നീട് അന്നേദിവസം 2.30ന് വാരണാസിയില്‍ നിന്നും തിരിക്കുന്ന ട്രെയിന്‍ രാത്രി 10.30യ്ക്ക് ഡല്‍ഹിയില്‍ എത്തും.