മാരുതി ജിപ്സി; ഇലക്ട്രിക് പതിപ്പായി മാറുന്നു
പുതിയ വൈദ്യുത കാര്‍ വാങ്ങുന്നതിന് പകരം നിലവിലെ പെട്രോള്‍, ഡീസല്‍ കാര്‍ വൈദ്യുതീകരിക്കാനുള്ള ആലോചന വിപണിയില്‍ പിടിമുറുക്കുകയാണ്. വൈദ്യുത കാറുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരം ലഭിക്കുന്നതേയുള്ളൂ. ഇപ്പോള്‍ വിരലിലെണ്ണാവുന്ന മോഡലുകള്‍ മാത്രമാണ് വില്‍പ്പനയ്ക്കു വരുന്നത്.
ഇഷ്ട കാറുകളുടെ വൈദ്യുത പതിപ്പ് സ്വന്തമാക്കാന്‍ അവസരമില്ലെന്നു സാരം. എന്നാല്‍ വിഷമിക്കേണ്ട, സാധാരണ കാറുകളെ വൈദ്യുതീകരിക്കാനുള്ള പദ്ധതിയുമായി കമ്പനികള്‍ രാജ്യത്തു സജീവമാവുകയാണ്. നേരത്തെ ഹൈദരാബാദ് കേന്ദ്രമായ സ്റ്റാര്‍ട്ട് അപ് കമ്പനി ഇ-ട്രിയോ, കാറുകളിലെ ആന്തരിക ദഹന എഞ്ചിനുകള്‍ക്ക് പകരം വൈദ്യുത പവര്‍ ട്രെയിന്‍ ഘടിപ്പിച്ചു നല്‍കാനുള്ള അനുമതി ARAI -യില്‍ നിന്നും കരസ്ഥമാക്കിയിരുന്നു.
ഇപ്പോള്‍ പിക്സി കാര്‍സ് എന്ന കമ്പനിയും സമാന ആശയവുമായി രംഗത്തു വരികയാണ്. പെട്രോള്‍, ഡീസല്‍ കാറുകളെ ഇവരും വൈദ്യുത പതിപ്പുകളാക്കി മാറ്റും. വൈദ്യുത കരുത്തില്‍ ഇവര്‍ പുറത്തിറക്കിയ മാരുതി ജിപ്സി പുതിയ സാധ്യതകള്‍ തുറന്നുകാട്ടുകയാണ്.
പ്രത്യേക കണ്‍വേര്‍ഷന്‍ കിറ്റ് ഉപയോഗിച്ചാണ് ജിപ്സിയെ വൈദ്യുത കാറാക്കി പിക്സി കാര്‍സ് കമ്പനി മാറ്റുന്നത്. പെട്രോള്‍ എഞ്ചിന് പകരം വൈദ്യുത മോട്ടോറുകളും ബാറ്ററികളും ജിപ്സിയില്‍ ഒരുങ്ങുന്നു. അതേസമയം വൈദ്യുത പതിപ്പായി പരിണമിക്കുമ്പോഴും ജിപ്സിയുടെ നാലു വീല്‍ ഡ്രൈവ് ഘടനയ്ക്ക് മാറ്റം സംഭവിക്കുന്നില്ല.
വൈദ്യുത പതിപ്പായിട്ട് കൂടി ജിപ്സിക്ക് പഴയ ചടുലത നഷ്ടപ്പെടുന്നില്ലെന്നത് ശ്രദ്ധേയം. കാറുകളെ വൈദ്യുതീകരിക്കാന്‍ യന്ത്രങ്ങളുടെ സഹായം പിക്സി കാര്‍സ് തേടുന്നില്ല. പ്രത്യേകം രൂപകല്‍പ്പന ചെയ്ത നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചാണ് എഞ്ചിന് മാറ്റലും വൈദ്യുത പവര്‍ട്രെയിന്‍ ഘടിപ്പിക്കലും.
പ്ലഗ് ആന്‍ഡ് പ്ലേ വയറിംഗ് സംവിധാനമാണ് ഇതിന്റെ ഭാഗമായി ജിപ്സിക്ക് ലഭിക്കുക. അതായത്, നിലവിലെ വയറിംഗ് സംവിധാനത്തില്‍ തന്നെയാണ് വൈദ്യുത മോട്ടോറുകളും ബാറ്ററി സംവിധാനവും ഇവര്‍ ഘടിപ്പിക്കുന്നത്.
പതിവു വൈദ്യുത കാറുകള്‍ക്ക് സമാനമായി ചെറിയ മൂളല്‍ മാത്രമെ എസ്യുവിക്കുള്ളൂ. ആളെയും വെച്ച് കുന്നുകയറുമ്പോള്‍ കാര്യമായ ബുദ്ധിമുട്ടൊന്നും ജിപ്സി പ്രകടമാക്കുന്നില്ല. വൈദ്യുത കാറുകളെ കുറിച്ചുള്ള മുന്‍വിധികള്‍ പിക്സി കാര്‍സിന്റെ ജിപ്സി ഇവിടെ തകര്ത്തെറിയുകയാണെന്നു ചുരുക്കം.
സാധാരണ പെട്രോള്‍, ഡീസല്‍ കാറുകളെ അപേക്ഷിച്ച് വൈദ്യുത കാറുകള്‍ക്ക് വളരെ പെട്ടെന്ന് ഉയര്‍ന്ന തോതില്‍ ടോര്‍ഖ് ലഭിക്കും. ഓഫ്റോഡ് സാഹസങ്ങളില്‍ ടോര്‍ഖിനെ ആശ്രയിച്ചിരിക്കും വാഹനങ്ങളുടെ മുന്നോട്ടുള്ള കുതിപ്പ്.
ആര്‍പിഎം പൂജ്യത്തില്‍ നില്ക്കുമ്പോള് തന്നെ പരമാവധി ടോര്‍ഖ് വൈദ്യുത വാഹനങ്ങള്‍ക്കുണ്ട്. അതായത് ഇന്ധന കാറുകളെ പോലെ നിശ്ചിത ആര്‍പിഎമ്മിന് ശേഷം ടോര്‍ഖിനായി കാത്തിരിക്കേണ്ട ആവശ്യം വൈദ്യുത കാറുകള്‍ക്കില്ല. ഇവിടെ ജിപ്സിക്ക് കൂട്ടാവുന്നതും ഈ ടോര്‍ഖ് സവിശേഷത തന്നെ.
സ്റ്റാര്‍ട്ട് ചെയ്യുമ്പോഴേക്കും പരമാവധി ടോര്‍ഖ് വൈദ്യുത ജിപ്സിയില്‍ തയ്യാറയി നില്‍പ്പുണ്ടാവും. ജിപ്സിയെ വൈദ്യുത കാറാക്കി മാറ്റാനുള്ള ചിലവ് സംബന്ധിച്ച വിവരങ്ങള്‍ പിക്സി കാര്‍സ് ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിട്ടില്ല. ഒറ്റ ചാര്‍ജ്ജില്‍ എത്ര കിലോമീറ്റര്‍ ദൂരം ജിപ്സി ഓടുമെന്ന കാര്യത്തില്‍ വിവരങ്ങള്‍ ലഭ്യമല്ല.