മീന്‍പിടിപ്പാറ നവീകരണം; സര്‍ക്കാര്‍ 1.47 കോടി രൂപ അനുവദിച്ചു
കൊല്ലം ജില്ലയില്‍ പ്രകൃതിസൗന്ദര്യം ഒളിപ്പിച്ച മീന്‍പിടിപ്പാറയെ മനോഹരമാക്കാന്‍ സര്‍ക്കാര്‍ 1.47 കോടി രൂപകൂടി അനുവദിച്ചു. മീന്‍പിടിപ്പാറ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടത്തിനാണ് ഭരണാനുമതി ലഭിച്ചത്. മീന്‍ പിടിപ്പാറയിലും അനുബന്ധമായി പുലമണ്‍ തോടിന്റെ 960 മീറ്റര്‍ പ്രദേശത്തെയും സൗന്ദര്യവത്കരണമാണ് പ്രധാനം.
തോടിന്റെ വശങ്ങളില്‍ കല്ലുപാകിയുള്ള നടപ്പാത, സംരക്ഷണവേലി നിര്‍മാണം, പുല്‍ത്തകിടി, വ്യൂ ഡെക്ക്, റെയിന്‍ ഷെല്‍റ്റര്‍, കുട്ടികളുടെ പാര്‍ക്ക് എന്നിവ നിര്‍മിക്കും. എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിച്ച് സൗന്ദര്യവത്കരണം, ശില്പങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയും പദ്ധതിയിലുണ്ട്.
സംസ്ഥാന നിര്‍മിതികേന്ദ്രം തയ്യാറാക്കിയ പദ്ധതി അയിഷാപോറ്റി എം.എല്‍.എ.യാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെമുന്നില്‍ സമര്‍പ്പിച്ചത്. ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് പരിശോധനയ്ക്കുശേഷമാണ് 1.47 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയത്. പദ്ധതി ആരംഭിക്കാനുള്ള നടപടി വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദ്ദേശം നല്‍കിയതായി എം.എല്‍.എ. അറിയിച്ചു.
ഹരിതകേരളം മിഷനിലുള്‍പ്പെടുത്തിയുള്ള പുലമണ്‍ തോട് വികസനത്തിലും മീന്‍ പിടിപ്പാറ വികസനം ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ അനുവദിക്കപ്പെട്ട പദ്ധതിയുടെ തുടര്‍ നിര്‍മാണങ്ങള്‍ ഹരിതകേരളം മിഷന്റെ ഭാഗമായി നടപ്പാക്കും.