Kerala

തിരുവനന്തപുരത്തെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം ജില്ലയെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റാനുള്ള വിപുലമായ കർമപദ്ധതി നടപ്പാക്കുകയാണെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതു പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്തിന്റെ മുഖഛായ മാറുമെന്നും അദ്ദേഹം പറഞ്ഞു. ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പൂർത്തീകരിച്ച വികസന പദ്ധതികളും നവീകരണ പ്രവൃത്തികളും നാടിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണു സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കോവളം, ശംഖുമുഖം, വേളി, പൊന്മുടി തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ നവീകരണത്തിനു തുടക്കമിട്ടുകഴിഞ്ഞു. ഇതിനൊപ്പം മുടങ്ങിക്കിടക്കുന്ന മറ്റു പദ്ധതികളുടെ നവീകരണത്തിനും മുൻതൂക്കം നൽകും. കിഫ്ബിയിൽനിന്നാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്.

സംസ്ഥാനത്തിന്റെ ടൂറിസം മേഖലയുടെ സമഗ്ര വികസനമാണു സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 43,000 കോടി രൂപ ടൂറിസത്തിൽനിന്നാണു ലഭിക്കുന്നത്. കാർഷിക മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾക്കു ജോലി നൽകുന്ന മേഖലകൂടിയാണ് ടൂറിസം. ഇതു മുൻനിർത്തിയാണ് സർക്കാർ പുതിയ ടൂറിസം നയം കൊണ്ടുവന്നത്. വിനോദ സഞ്ചാര മേഖലയുടെ വികസനത്തിൽ പിന്നിലായിരുന്ന ഉത്തരമലബാറിനടക്കം വലിയ പ്രാധാന്യം നൽകിയുള്ള വികസന പ്രവർത്തനങ്ങളാണ് ഇതിന്റെ തുടർച്ചയായി നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു.

ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും എ.ഡി.എം.സി. വർക്കിങ് ചെയർപേഴ്‌സണുമായ ഉഷ ടൈറ്റസ്, ജില്ലാ കളക്ടർ ഡോ. കെ. വാസുകി, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, വാർഡ് കൗൺസിലർമാരായ വി.ആർ. സിനി, ജോൺസൺ ജോസഫ്, ശിവദത്ത്, അനീഷ് കുമാർ, മേടയിൽ വിക്രമൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.