പൊന്‍മുടി മലനിരകളില്‍ പുതിയ പതിനഞ്ച് കോട്ടേജുകളുമായി കെ ടി ഡി സി
പൊന്‍മുടി മലനിരകളുടെ ഭംഗി ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് പുതിയ കോട്ടേജുകളുമായി കെ ടി ഡി സി. ഗോള്‍ഡന്‍ പീക്ക് റിസോര്‍ട്ടിലാണ് പുതിയ പതിനഞ്ച് കോട്ടേജുകള്‍ വരുന്നത്. 3.2
കോടി രൂപയുടെ മുതല്‍ മുടക്കില്‍ പണികഴിപ്പിച്ച കോട്ടേജുകളുടെ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാളെ നിര്‍വഹിക്കും. 1500 രൂപ മുതല്‍ 3600 രൂപ വരെയാണ് കോട്ടേജുകളുടെ നിരക്ക്.
കേരളീയമാതൃകയിലണ് പുതിയ പതിനഞ്ച് കോട്ടേജുകള്‍ പണികഴിപ്പിച്ചത്. ഇതില്‍ അഞ്ചെണ്ണം പൊന്മുടി താഴ്വരയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലാണു നിര്‍മിച്ചിരിക്കുന്നത്. കിടപ്പുമുറിയില്‍ നിന്നുതന്നെ താഴ്വരയുടെ ഭംഗി കാണാം.
നേരത്തെ 2200 രൂപ മുതലായിരുന്നു കോട്ടേജുകളുടെ നിരക്ക്. ഇത് 1500 രൂപയായി കുറച്ചു. സാധാരണക്കാരായ വിനോദസഞ്ചാരികള്‍ക്കു കൂടി റിസോര്‍ട്ടില്‍ താമസസൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു നിരക്കു കുറച്ചത്. പുതിയ കോട്ടേജുകള്‍ക്ക് ശരാശരി 3000 രൂപയായിരിക്കും നിരക്ക്. അവധിദിവസങ്ങളില്‍ ഇത് 3600 രൂപ വരെയാകും.
പഴയ കോട്ടേജുകളുടെ സൗന്ദര്യവല്‍ക്കരണവും ഉടന്‍ തുടങ്ങും. പൊന്മുടിയിലെത്തുന്ന കുടുംബങ്ങള്‍ക്കായി ഹോട്ട് വാട്ടര്‍ സ്വിമ്മിങ് പൂളും കുട്ടികള്‍ക്കുള്ള കളിസ്ഥലവും നിര്‍മിക്കാനും കെടിഡിസിക്ക് പദ്ധതിയുണ്ട്. ഗോള്‍ഡന്‍ പീക്കിനും പൊലീസ് സ്റ്റേഷനും സമീപത്തായി പുതിയ ഗെസ്റ്റ് ഗൗസിന്റെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്.
പഴയ ഗെസ്റ്റ് ഹൗസിനോടു ചേര്‍ന്നു പുതിയ മുറികളുടെ നിര്‍മാണം പൂര്‍ത്തിയായി മാസങ്ങളായെങ്കിലും വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ ഇതുവരെ തുറന്നുകൊടുത്തിട്ടില്ല.