Kerala

വിനോദസഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ആഡംബര കപ്പല്‍ നെഫര്‍റ്റിറ്റി യാത്ര ഇന്ന്

വിനോദസഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി കേരളത്തിന്റെ ആദ്യ ആഡംബരക്കപ്പലായ നെഫര്‍റ്റിറ്റി കൊച്ചിക്കായലില്‍. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കപ്പലിന്റെ ആദ്യ കടല്‍യാത്ര ഇന്ന് നടക്കും.

കനറാ ബാങ്ക് ഗ്രൂപ്പ് ബുക്കിങ് നടത്തിക്കഴിഞ്ഞിരിക്കുകയാണ്. കൊച്ചിയില്‍ നിന്ന് 12 നോട്ടിക്കല്‍ ദൂരം അറബിക്കടലിലേക്കുള്ള അഞ്ച് മണിക്കൂര്‍ യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. 90 പേരടങ്ങുന്ന സംഘമാണ് നെഫര്‍റ്റിറ്റിയിലെ ആദ്യ യാത്രയ്ക്കായി തയ്യാറെടുത്തിരിക്കുന്നത്.

ബോള്‍ഗാട്ടിയില്‍ നിന്ന് ഉച്ചയ്ക്ക് 1.30-ന് യാത്ര ആരംഭിക്കും. ആദ്യ സര്‍വീസിന് മുന്‍പുതന്നെ ജനുവരി പകുതി വരെയുള്ള ബുക്കിങ്ങും നെഫര്‍റ്റിറ്റിയുടേത് കഴിഞ്ഞിട്ടുണ്ട്. ഇതിനോടകം പത്തോളം ഗ്രൂപ്പ് ബുക്കിങ്ങാണ് നടന്നിട്ടുള്ളത്.

അറബിക്കടലിന് അഴകായെത്തുന്ന ഈജിപ്ഷ്യന്‍ റാണി നെഫര്‍റ്റിറ്റി പേരുപോലെ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്. ബി.സി. 1350 കാലഘട്ടത്തില്‍ ഈജിപ്ത് ഭരിച്ചിരുന്ന ഭരണനിപുണയായ രാജ്ഞിയുടെ പേരാണ് കേരളത്തിന്റെ ആഡംബര ഉല്ലാസ നൗകയ്ക്ക് നല്‍കിയിരിക്കുന്നത്.

48.5 മീറ്റര്‍ നീളം, 14.5 മീറ്റര്‍ വീതി. മൂന്ന് നിലകളാണ് കപ്പലിന്. കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഓഡിറ്റോറിയം, സ്വീകരണഹാള്‍, ഭക്ഷണശാല, 3 ഡി തിയേറ്റര്‍ എന്നിവ കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാരം കൂടാതെ മീറ്റിങ്ങുകള്‍ക്കും കമ്പനികളുടെ പാര്‍ട്ടികള്‍ക്കുമുള്ള സ്ഥലമായും നെഫര്‍റ്റിറ്റി ഒരുങ്ങാന്‍ തയ്യാറാണ്.

250 ലൈഫ് ജാക്കറ്റുകളും 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകളും രണ്ട് ലൈഫ് ബോട്ടുകളും നെഫര്‍റ്റിറ്റിയില്‍ ഒരുക്കിയിട്ടുണ്ട്. കടലില്‍ 20 നോട്ടിക്കല്‍ മൈല്‍ വരെ പോകാന്‍ കഴിയുന്ന കപ്പലിന് മണിക്കൂറില്‍ 16 കിലോമീറ്റര്‍ വേഗമുണ്ടാവും.

125 പേരടങ്ങുന്ന ഒരു സംഘത്തിന് 4.5 ലക്ഷം രൂപയാണ് ബുക്കിങ് നിരക്ക്. 200 പേരാണ് കപ്പലിന്റെ കപ്പാസിറ്റി. അതിനാല്‍ 125-ന് മുകളില്‍ വരുന്ന ഓരോരുത്തര്‍ക്കും 1,000 രൂപ വീതം അധിക നിരക്ക് നല്‍കിയാല്‍ മതിയാകും. അഞ്ചു മണിക്കൂര്‍ സമയമാണ് ഇപ്പോള്‍ ഒരു കപ്പല്‍യാത്ര നിശ്ചയിച്ചിരിക്കുന്നത്. അഞ്ചു മണിക്കൂര്‍ കഴിഞ്ഞുള്ള ഓരോ മണിക്കൂറിനും 20,000 രൂപ അധികം നല്‍കണം. ഭക്ഷണവും കലാപരിപാടികളും ഉള്‍പ്പെടെയാണിത്.

നെഫര്‍റ്റിറ്റി കപ്പലില്‍ എത്തുന്ന വിനോദസഞ്ചാരികളെ കേരള കലാരൂപങ്ങള്‍ പരിചയപ്പെടുത്താനുള്ള തയ്യാറെടുപ്പുകളും അധികൃതര്‍ നടത്തിയിട്ടുണ്ട്. കഥകളി, കൂടിയാട്ടം, തിരുവാതിരകളി തുടങ്ങിയ കേരളീയ കലാരൂപങ്ങളാണ് കലാപരിപാടികളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. മെഡിറ്ററേനിയന്‍ വിഭവങ്ങളാണ് കപ്പലിന്റെ മറ്റൊരു പ്രത്യേകത. അബാദ് ഗ്രൂപ്പാണ് കപ്പലിലെ ഭക്ഷണം ഒരുക്കുന്നത്.

കേരളത്തിന്റെ ടൂറിസം വികസനത്തിന് ഏറെ സംഭാവന ചെയ്യാന്‍ നെഫര്‍റ്റിറ്റിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.എസ്.ഐ.എന്‍.സി. മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ്. നിലവില്‍ വന്നിരിക്കുന്ന ബുക്കിങ്ങെല്ലാം സംഘമായിട്ടുള്ളതാണ്.

പുതുവത്സര ദിനത്തില്‍ വ്യക്തിഗത ടിക്കറ്റെടുത്ത യാത്ര ചെയ്യാവുന്ന തരത്തിലുള്ള സര്‍വീസ് ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മതിയായ വ്യക്തിഗത -ചെറു സംഘങ്ങളുടെ ബുക്കിങ് വന്നാല്‍ പുതുവത്സരത്തില്‍ പ്രത്യേക സര്‍വ്വീസ് ഉണ്ടായിരിക്കും. 23-ന് ഇതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.