Kerala

ടൂര്‍ ഓഫ് നീലഗിരീസ് സൈക്കിള്‍ സവാരിക്കാര്‍ ഊട്ടിയിലെത്തി

റൈഡ് എ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ടൂര്‍ ഓഫ് നീലഗിരീസില്‍ പങ്കെടുക്കുന്ന സൈക്കിള്‍ സവാരിക്കാര്‍ ഊട്ടിയിലെത്തി. 17 വനിതകളടങ്ങുന്ന 110 പേരാണ് ഈ സാഹസ മത്സരത്തില്‍ പങ്കെടുക്കുന്നത്.

13 വിദേശരാജ്യങ്ങളില്‍നിന്നായി 29 പേരും പങ്കെടുക്കുന്നുണ്ട്. ടൂര്‍ ഓഫ് നീലഗിരീസിന്റെ പതിനൊന്നാം എഡിഷനാണ് ഇപ്പോള്‍ നടക്കുന്നത്. 950 കിലോമീറ്റര്‍ പശ്ചിമഘട്ട മലനിരകള്‍ കീഴടക്കിയാണ് സഞ്ചാരം. മൈസൂരുവില്‍നിന്ന് ആരംഭിച്ച മത്സരയാത്ര ബത്തേരിവഴി ഗൂഡലൂര്‍, മസിനഗുഡി, കല്ലട്ടി ചുരം വഴി ഊട്ടിയില്‍ എത്തുകയായിരുന്നു.

സമുദ്രനിരപ്പില്‍നിന്ന് 6,400 അടി ഉയരത്തിലുള്ള ഊട്ടിയിലേക്ക് കല്ലട്ടി ചുരം കയറിയുള്ള യാത്ര വ്യത്യസ്ത അനുഭവമായിരുന്നെന്ന് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ മലയാളിയായ കെ.വി. വൈശാഖ് പറഞ്ഞു. മൈസൂരുവില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ ഡിപ്ലോമയ്ക്ക് പഠിക്കുകയാണ് എറണാകുളം സ്വദേശിയായ വൈശാഖ്. ദേശീയ മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യനായ കിരണും സംഘത്തിലുണ്ട്.

വെള്ളിയാഴ്ച രാവിലെ ഊട്ടിയില്‍നിന്ന് കൂനൂര്‍ കുന്ത വഴി ലൗഡേല്‍ വഴി തിരിച്ചെത്തും. ശനിയാഴ്ച നടുവട്ടം, ഗൂഡലൂര്‍, മേപ്പാടി വഴി കല്‍പ്പറ്റയിലേക്ക് പോകും. അവിടെനിന്ന് സുല്‍ത്താന്‍ ബത്തേരി വഴി മൈസൂരുവിലേക്കാണ് യാത്ര. നീലഗിരി മലനിരകള്‍ കണ്ട് ആസ്വദിച്ചുള്ള സൈക്കിള്‍ യാത്ര ഏറെ ഹൃദ്യമാണ്.