Kerala

നെല്ലിയാമ്പതി സുരക്ഷിതം; സഞ്ചാരികള്‍ക്ക് സ്വാഗതമരുളി മലനിരകള്‍

പ്രളയദുരിതസാഹചര്യങ്ങളോട് ഗുഡ്‌ബൈ പറഞ്ഞ് സഞ്ചാരികള്‍ക്ക് സ്വാഗതമരുളുകയാണിപ്പോള്‍ നെല്ലിയാമ്പതി മലനിരകള്‍. ക്രിസ്മസ്–പുതുവത്സര ആഘോഷമടുത്തതോടെ കോടമഞ്ഞിന്റെ തണുപ്പും ആഘോഷരാപ്പകലുകളുടെ പ്രസരിപ്പും നെല്ലിയാമ്പതിയെ സഞ്ചാരികളുടെ പറുദീസയാക്കും. എന്നാല്‍, ഇത്തവണത്തെ സീസണ്‍ മലയോര ജനതയ്ക്ക് പ്രളയം സമ്മാനിച്ച വേദനകളെ മറക്കാനുള്ള മരുന്നാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.


തേയിലത്തോട്ടങ്ങള്‍, നിബിഡവനങ്ങള്‍, ദൂരക്കാഴ്ചകള്‍ സമ്മാനിക്കുന്ന സീതാര്‍കുണ്ട് , കേശവന്‍പാറ, അയ്യപ്പന്‍ തിട്ട തുടങ്ങിയ വ്യൂ പോയിന്റുകളും ഗവണ്‍മെന്റ് ഓറഞ്ച് ഫാമുമെല്ലാം വിനോദസഞ്ചാരികളെക്കൊണ്ട് നിറയും. ഡിസംബര്‍ 24വരെ പ്രധാന റിസോര്‍ട്ടുകളിലെല്ലാം ബുക്കിങ് അവസാനിച്ചു. പകല്‍പോലും പരസ്പരം കാണാനാകാത്ത കോടമഞ്ഞാണ് മേഖലയിലെ പ്രധാന സവിശേഷത. സംഘമായെത്തുന്ന കുടുംബങ്ങളുടെ കലാപരിപാടികളും സ്ഥിരംകാഴ്ചയാണ്.


പഞ്ഞക്കാലത്തിനു വിരാമമിട്ടെത്തുന്ന സീസണ്‍ തദ്ദേശീയകച്ചവടക്കാര്‍ക്കും ചാകരയാണ്.
ക്രിസ്മസ് കഴിഞ്ഞാല്‍ അടുത്ത ഓണക്കാലമെത്തണം വിനോദസഞ്ചാരികളുടെ ഒഴുക്ക് കാണാന്‍. പ്രളയത്തിലും ഉരുള്‍പൊട്ടലിലും വ്യാപകമായി തകര്‍ന്ന നെല്ലിയാമ്പതിയിലേക്കുള്ള റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പുനര്‍നിര്‍മിക്കുന്നത്. ഗതാഗതം ഏറെക്കുറെ സാധാരണനിലയിലെത്തിക്കാനായതും സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനാകുമെന്ന് കരുതപ്പെടുന്നു.