സ്റ്റുഡന്റ്സ് ബിനാലെയ്ക്ക് വര്‍ണ്ണാഭമായ തുടക്കം
കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കത്തോടനുബന്ധിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന് നടത്തുന്ന സ്റ്റുഡന്റ്സ് ബിനാലെയ്ക്ക് തുടക്കമായി. ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡിലെ കൊച്ചി മുസിരിസ് ബിനാലെ പവലിയനിലായിരുന്നു സ്റ്റുഡന്റ്സ് ബിനാലെയുടെ ഉദ്ഘാടന ചടങ്ങ്. സാര്‍ക്ക് രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ 200 വിദ്യാര്‍ഥി ആര്‍ട്ടിസ്റ്റുകളാണ് സ്റ്റുഡന്റ്സ് ബിനാലെയില്‍ പങ്കെടുക്കുന്നത്.
മുഹമ്മദ് അലി വെയര്‍ഹൗസ്, കിഷോര്‍ സ്പൈസസ്, കെവിഎന്‍ ആര്‍ക്കേഡ്, അര്മാന് ബില്‍ഡിങ്, മട്ടാഞ്ചേരി അമ്പലം, വികെഎല്‍ മട്ടാഞ്ചേരി എന്നിവിടങ്ങളിലാണ് സ്റ്റുഡന്റ്സ് ബിനാലെ പ്രദര്‍ശനങ്ങള്‍ നടക്കുന്നത്.
ഇന്ത്യക്കകത്തു നിന്നും ദക്ഷിണേഷ്യയിലെ വിവിധ രാജ്യങ്ങളിലെ 80 വിദ്യാലയങ്ങളില്‍ നിന്നും സ്റ്റുഡന്റ്സ് ബിനാലെയില്‍ പ്രാതിനിധ്യമുണ്ട്.
സമകാലീന കലയില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ആഗോളതലത്തിലെ മികവുറ്റ കലാകാരന്മാരുടെ പക്കല്‍നിന്ന് വിദഗ്ദ്ധോപദേശം ലഭിക്കുന്നതിനും വേണ്ടിയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന് സ്റ്റുഡന്റ്സ് ബിനാലെയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്.
ഫൗണ്ടേഷന് ഫോര്‍ ഇന്ത്യന്‍ കണ്ടംപററി ആര്‍ട്ട് ആന്‍ഡ് ഫൗണ്ടേഷന് ഫോര്‍ ഇന്ത്യന്‍ ആര്‍ട്ട് എജ്യൂക്കേഷന്‍, ടാറ്റ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് സ്റ്റുഡന്റ്സ് ബിനാലെ സംഘടിപ്പിച്ചിട്ടുള്ളത്.
സഞ്ജയന് ഘോഷ് (വിശ്വഭാരതി സര്‍വകലാശാല, ശാന്തിനികേതന്‍), ശുക്ല സാവന്ത് (ജെ.എന്‍.യു. ഡല്‍ഹി), ശ്രുതി രാമലിംഗയ്യ, സി.പി. കൃഷ്ണപ്രിയ, കെ.പി. റെജി, എം.പി. നിഷാദ് എന്നിവരാണ് സ്റ്റുഡന്റ്സ് ബിനാലെയുടെ ക്യൂറേറ്റര്‍മാര്‍. ടാറ്റ ട്രസ്റ്റിന്റെ കലാ സാംസ്കാരിക വിഭാഗത്തിന്റെ മേധാവി ദീപിക സൊറാബ്ജി, ഗീത കപൂര്‍, ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സല്‍ ലോറന് ലവ്ലേസ്, ഫൗണ്ടേഷന് ഓഫ് ഇന്ത്യന്‍ കണ്ടംപററി ആര്‍ട്ട് ഡയറക്ടര്‍ വിദ്യ ശിവദാസ് എന്നിവരും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.