Auto

പുതുക്കിയ ഓട്ടോ നിരക്ക് മീറ്ററിലെത്താന്‍ സമയമെടുക്കും

സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ നിരക്ക് മീറ്ററിലെത്താന്‍ ഇനിയും സമയമെടുക്കും. പുതിയ നിരക്കിന് അനുസരിച്ച് മീറ്ററുകള്‍ മുദ്രണം ചെയ്തെങ്കില്‍ മാത്രമേ ഇത് നടപ്പിലാകൂ. എന്നാല്‍ ഇതിന് വേണ്ട നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല.

നിരക്ക് പുതുക്കുന്ന സര്‍ക്കാര്‍ വിജ്ഞാപനം ഔദ്യോഗികമായി ലീഗല്‍ മെട്രോളജി വകുപ്പിന് ലഭിച്ചിട്ടില്ല. ഇത് ലഭിച്ചതിന് ശേഷം മാത്രമേ മീറ്റര്‍ മുദ്രണം ചെയ്യുകയുള്ളൂ. സംസ്ഥാനത്തെ മുഴുവന്‍ ഓട്ടോകളുടെയും മീറ്ററുകള്‍ ഒറ്റയടിക്ക് പുതിയ നിരക്കിലേക്ക് മാറ്റാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളുള്ളതിനാല്‍ ഘട്ടം, ഘട്ടമായിട്ടായിരിക്കും ഇത് നടക്കുക. മൂന്ന് മാസം വീതമുള്ള നാല് ഘട്ടങ്ങളിലായി മീറ്ററുകള്‍ പരിശോധനയ്ക്ക് ഹാജരാക്കിയ ശേഷം പുതിയ നിരക്കിലേക്ക് മാറ്റാം. ഏതാണ്ട് അടുത്ത ഡിസംബര്‍ മാസം വരെ ഇതിനായി സമയമെടുത്തേക്കുമെന്നാണ് സൂചന.

അതേസമയം പുതിയ നിരക്ക് മീറ്ററില്‍ കാണിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ചാര്‍ജ്ജ് സൂചിപ്പിക്കുന്ന ചാര്‍ട്ട് ഓട്ടോ ഡ്രൈവര്‍ സൂക്ഷിക്കണം. ഈ ചാര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് നല്‍കും.

ഓട്ടോയ്ക്ക് മിനിമം നിരക്ക് 25 രൂപയാക്കിയാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. മിനിമം ദൂരമായ ഒന്നര കിലോമീറ്ററിന് ശേഷം വരുന്ന ഓരോ കിലോമീറ്ററിനും 12 രൂപ നല്‍കണം. നാലുചക്ര ഓട്ടോകള്‍ക്കാണെങ്കില്‍ മിനിമം നിരക്ക് 30 രൂപയും അതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 12 രൂപ വച്ചുമാണ് ഇനി ഈടാക്കുക. രാത്രി പത്തിനും പുലര്‍ച്ചെ അഞ്ചിനുമിടയിലുള്ള ഓട്ടത്തിന് 50 ശതമാനം നിരക്ക് അധികം ഈടാക്കുകയും ചെയ്യാം.

പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നെങ്കിലും അത് മീറ്ററില്‍ കാണിക്കാതിരിക്കുന്നത് യാത്രക്കാരെ ഏറെ വലയ്ക്കുന്നുണ്ട്. മീറ്റര്‍ പുതുക്കാന്‍ കൂടുതല്‍ വൈകുന്നതോടെ ഈ ദുരിതം കൂടുകയേ ഉള്ളൂ.