എന്താണ് കൊച്ചി-മുസിരിസ് ബിനാലെ; അറിയേണ്ടതെല്ലാം
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാമാമങ്കമായ കൊച്ചി മുസിരിസ് ബിനാലെ നാലാം പതിപ്പിന് തുടക്കമായി. 108 ദിനങ്ങള്‍ നീണ്ട കലാവിരുന്ന് ആസ്വദിക്കാന്‍ വിദേശികളും സ്വദേശികളമായ കലാകാരന്മാരും ആസ്വാദകരും കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അനിത ദുബെ ക്യുറേറ്റ് ചെയ്യുന്ന ബിനാലെയുടെ പ്രമേയം ‘പാര്‍ശ്വവത്കരിക്കപ്പെടാത്ത ജീവിത സാധ്യതകള്‍’ എന്നതാണ്. 138 കലാകാരന്‍മാരാണ് ബിനാലെയില്‍ പങ്കെടുക്കുന്നത്. ആദ്യമായി ഒരു സ്ത്രീ ക്യുറേറ്റ് ചെയ്യുന്ന ബിനാലെ എന്ന പ്രത്യേകതയും ഈ ബിനാലെയ്ക്കുണ്ട്. റിയാസ് കോമുവും ബോസ് എം കൃഷ്ണമാചാരിയുമായിരുന്നു 2012ലെ ബിനാലെയുടെ ക്യുറേറ്റര്‍മാര്‍, 2014 ജിതേഷ് കല്ലാട്ടും, 2016 സുദര്‍ശന്‍ ഷെട്ടിയുമായിരുന്നു ക്യുറേറ്റര്‍. ശില്‍പ്പകല, ആര്‍ട്ട് ഹിസ്റ്ററി എന്നിവയില്‍ നിപുണയാണ് അനിത ദുബെ. ഈ ബിനാലെയില്‍ ഇത്തവണ സ്ത്രീ സാന്നിധ്യം ഏറെയുണ്ട് എന്ന പ്രത്യേകതയും ഉണ്ട്.
90 കലാകാരന്മാരാണ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ നാലാം ലക്കത്തില്‍ പങ്കെടുക്കുന്നത്. ജുന്‍ ഗുയെന്‍, ഹാറ്റ്‌സുഷിബ(ജപ്പാന്‍/വിയറ്റ്‌നാം), ഷൂള്‍ ക്രായ്യേര്‍ (നെതര്‍ലാന്റ്‌സ്), കെ പി കൃഷ്ണകുമാര്‍(ഇന്ത്യ) കൗശിക് മുഖോപാധ്യായ് (ഇന്ത്യ), കിബുക്ക മുകിസ ഓസ്‌കാര്‍(ഉഗാണ്ട), ലിയനാര്‍ഡോ ഫീല്‍(ക്യൂബ), ലുബ്‌ന ചൗധരി(യുകെ/ ലണ്ടന്‍), മാധ്വി പരേഖ്(ഇന്ത്യ) മാര്‍ലിന്‍ ഡൂമാ(നെതര്‍ലാന്റ്‌സ്), മാര്‍ത്ത റോസ്ലര്‍(യുഎസ്എ) മാര്‍സിയ ഫര്‍ഹാന(ബംഗ്ലാദേശ്) മിറെയ്ല്‍ കസ്സാര്‍ (ഫ്രാന്‍സ്/ലെബനന്‍), മോച്ചു+സുവാനി സൂരി (ഇന്ത്യ), മോണിക്ക മേയര്‍(മെക്‌സികോ) മൃണാളിനി മുഖര്‍ജി(ഇന്ത്യ), നേതന്‍ കോലി (യുകെ) നീലിമ ഷെയ്ഖ്(ഇന്ത്യ) ഊരാളി(ഇന്ത്യ), ഓറ്റോലിത്ത് ഗ്രൂപ്പ്(യുകെ) പി ആര്‍ സതീഷ്(ഇന്ത്യ) പാംഗ്രോക്ക് സുലാപ് (മലേഷ്യ), പ്രഭാകര്‍ പച്പുടെ (ഇന്ത്യ), പ്രിയ രവീഷ് മെഹ്‌റ(ഇന്ത്യ), പ്രൊബിര്‍ ഗുപ്ത(ഇന്ത്യ), റാഡെന്‍കോ മിലാക്(ബോസ്‌നിയ ഹെര്‍സെഗോവിന) റാണ ഹമാദേ(നെതര്‍ലാന്റ്/ലെബനന്‍) റാനിയ സ്റ്റീഫന്‍(ലെബനന്‍), രെഹാന സമന്‍(പാക്കിസ്ഥാന്‍) റിന ബാനര്‍ജി(യുഎസ്/ഇന്ത്യ), റുല ഹലാവാനി(പാലസ്തീന്‍), സാന്റു മോഫോകെംഗ് (ദക്ഷിണാഫ്രിക്ക), ശംഭവി സിംഗ്(ഇന്ത്യ), ശാന്ത (കേരളം/ ഇന്ത്യ), ശില്‍പ ഗുപ്ത(ഇന്ത്യ), ശിരിന്‍ നെശാത് (ഇറാന്‍/യുഎസ്എ) ശുഭിഗി റാവു(സിംഗപ്പൂര്‍), സോങ് ഡോങ്(ചൈന), സോണിയ ഖുരാന(ഇന്ത്യ)
സ്യൂ വില്യംസണ്‍( ദക്ഷിണാഫ്രിക്ക), സുനില്‍ ഗുപ്ത+ ചരണ്‍സിംഗ്(ഇന്ത്യ/ യുകെ) സുനില്‍ ജാന(ഇന്ത്യ) തബിത റെസേര്‍ (ഫ്രാന്‍സ്, ഫ്രഞ്ച് ഗയാന, ദക്ഷിണാഫ്രിക്ക), താനിയ ബ്രുഗുവേര(ക്യൂബ), താനിയ കന്ദാനി(മെക്‌സികോ) തേജള്‍ ഷാ(ഇന്ത്യ) തെംസുയാംഗര്‍ ലോങ്ങ്കുമേര്‍(ഇന്ത്യ/യുകെ) തോമസ് ഹെര്‍ഷ്‌ഹോം(സ്വിറ്റ്‌സര്‍ലാന്റ്/ഫ്രാന്‍സ്) വാലി എക്‌സ്‌പോര്‍ട്ട്(ആസ്ട്രിയ), വനേസ്സ ബേര്‍ഡ്(നോര്‍വേ), വേദ തൊഴൂര്‍ കൊല്ലേരി(ഇന്ത്യ) വിക്കി റോയി(ഇന്ത്യ), വിനു വി വി(ഇന്ത്യ), വിപിന്‍ ധനുര്‍ധരന്‍(ഇന്ത്യ), വിവിയന്‍ കക്കൂരി(ബ്രസീല്‍), വാലിദ് റാദ്(ലെബനന്‍/യുഎസ്എ) വില്യം കെന്റ്രിഡ്ജ്(ദക്ഷിണാഫ്രിക്ക), യങ് ഹേ ചാങ് ഹെവി ഇന്‍ഡസ്ട്രീസ്(ദക്ഷിണ കൊറിയ) സനേലേ മുഹോലി(ദക്ഷിണാഫ്രിക്ക).
എഡിബിള്‍ ആര്‍കൈവ്‌സ് (ഇന്ത്യ), ഓസ്‌കാര്‍ ഷ്‌ലെമ്മര്‍(ജര്‍മ്മനി), സിസ്റ്റര്‍ ലൈബ്രറി(ഇന്ത്യ), ശ്രീനഗര്‍ ബിനാലെ(ഇന്ത്യ), സുഭാഷ് സിംഗ് വ്യാം+ദുര്‍ഗാഭായി വ്യാം(ഇന്ത്യ). തുടങ്ങിയ കലാകാരന്‍മാരുടെ പ്രതിഷ്ഠാപനങ്ങളാണ് ബിനാലെയില്‍ അവതരിപ്പിക്കുന്നത്.
കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തോടനുബന്ധിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്ന സ്റ്റുഡന്റ്‌സ് ബിനാലെ നടത്തുന്നു. കബ്രാള്‍ യാര്‍ഡിലെ കൊച്ചി-മുസിരിസ് ബിനാലെ പവലിയനില്‍ വച്ചായിരുന്നു സ്റ്റുഡന്റ്‌സ് ബിനാലെയുടെ ഉദ്ഘാടനംസാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 200 വിദ്യാര്‍ത്ഥി ആര്‍ട്ടിസ്റ്റുകളാണ് സ്റ്റുഡന്റ്‌സ് ബിനാലെയില്‍ പങ്കെടുക്കുന്നത്. സഞ്ജയന്‍ ഘോഷ്(വിശ്വഭാരതി സര്‍വകലാശാല, ശാന്തിനികേതന്‍), ശുക്ല സാവന്ത്(ജെ എന്‍ യു ഡല്‍ഹി), ശ്രുതി രാമലിംഗയ്യ, സി പി കൃഷ്ണപ്രിയ, കെ പി റെജി, എം പി നിഷാദ് എന്നിവരാണ് സ്റ്റുഡന്റ്‌സ് ബിനാലെയുടെ ക്യൂറേറ്റര്‍മാര്‍.
ടിക്കറ്റ് നിരക്ക്
ബിനാലെയുടെ ടിക്കറ്റ് നിരക്ക് 100 രൂപയാണ്. ആസ്പിന്‍വാള്‍ ഹൗസില്‍ ദിവസത്തില്‍ 3 തവണയും മറ്റ് വേദികളില്‍ ഒരു തവണയുമാണ് പ്രവേശനം അനുവദിക്കുന്നത്. 500 രൂപയുടെ ഗ്രൂപ്പ് ടിക്കറ്റ് എടുത്താല്‍ രണ്ട് പേര്‍ക്ക് 3 ദിവസത്തേക്ക് എല്ലാ വേദികളിലും പരിധിയില്ലാതെ പ്രവേശനം അനുവദിക്കും. പതിനെട്ട് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ നല്‍കിയാല്‍ മതിയാകും. അയ്യായിരം രൂപയുടെ ഡോണര്‍ പാസ് എടുത്താല്‍ 108 ദിവസവും പരിധിയില്ലാതെ പ്രദര്‍ശനങ്ങള്‍ കാണാം. മൂവായിരം രൂപ കൊടുത്താല്‍ ഗൈഡഡ് ടൂര്‍ സൗകര്യം ലഭ്യമാണ്.
വേദികള്‍
ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലായി ഒന്‍പത് വേദികളിലായാണ് ബിനാലെ അരേങ്ങേറുന്നത്. ബിനാലെയുടെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസ്, ആനന്ദ് വെയര്‍ഹൗസ്, ഡേവിഡ് ഹാള്‍, പെപ്പര്‍ ഹൗസ്, ഡര്‍ബാര്‍ ഹാള്‍, കാബ്രല്‍ യാര്‍ഡ്, കാശി ടൗണ്‍ ഹൗസ്, മാപ്പ് പ്രൊജക്റ്റ്, ടികെഎം വെയര്‍ഹൗസ് എന്നിവിടങ്ങളിലാണ് പ്രദര്‍ശനങ്ങള്‍ നടക്കുന്നത്.
കലാരൂപങ്ങളുടെ പ്രദര്‍ശനം കൂടാതെ വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ ബിനാലയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. ലെറ്റ്‌സ് ടോക്ക് സംഭാഷണ പരമ്പരകള്‍, ആര്‍ട്ടിസ്റ്റ്‌സ് സിനിമ, ത്രീ സീസ് പ്രോജക്ക്റ്റ്, ഇംഫാല്‍ ടാക്കീസ്, ഇന്‍സറക്ഷന്‍സ് എന്‍സംബിള്‍ എന്നീ പരിപാടികള്‍ ബിനാലേക്ക് മിഴിവേകും.
കൂടാതെ കേരളത്തെ ആകമാനം ബാധിച്ച മഹാപ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ടവര്‍ക്ക് കൈതാങ്ങാകുവാനുള്ള പദ്ധതികളും ബിനാലെയുടെ ഭാഗമായി നടക്കുന്നുണ്ട്. നാലാം ലക്കത്തിന്റെ പവലിയന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച സാധനങ്ങള്‍ ഉപയോഗിച്ച് 12 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നും ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.
വേദികളിലേക്ക് എങ്ങനെ എത്താം
ഡര്‍ബാര്‍ ഹാള്‍ ഒഴികെ മറ്റെല്ലാ വേദികളും ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി സ്ഥിതി ചെയ്യുന്നത്. ഡര്‍ബാര്‍ഹാള്‍ എറണാകുളം നഗര മധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബോട്ടിലും ബസ്സിലുമായി ഫോര്‍ട്ട് കൊച്ചിയിലെത്താം.? എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്നും ഫോര്‍ട്ട്‌കൊച്ചിയിലേക്ക് ബോട്ട് സര്‍വ്വീസ് ഉണ്ട്. ഫോര്‍ട്ട്‌കൊച്ചിയിലേക്ക് 20 മിനിറ്റ് യാത്രയ്ക്ക് നാല് രൂപയാണ് ടിക്കറ്റ് ചാര്‍ജ്.
ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി കാഴ്ചകള്‍
ചരിത്രത്തിലേക്കുളള കാഴ്ച്ചകളാണ് ഫോര്‍ട്ട്‌കൊച്ചിയിലും മട്ടാഞ്ചേരിയിലും. ഫോര്‍ട്ട് കൊച്ചി ബീച്ച്, ചീനവലകള്‍, ഡച്ച് സെമിത്തേരി, 1503-ല്‍ പണികഴിപ്പിച്ച സെന്റ് ഫ്രാന്‍സിസ് പള്ളി ഇന്ത്യയില്‍ പണികഴിപ്പിച്ച ആദ്യ കൃസ്ത്യന്‍ ആരാധനലയമാണ്, ബാസ്റ്റ്യന്‍ ബംഗ്ലാവ്,നെഹ്രു പാര്‍ക്ക് എന്നിങ്ങനെ നീളുകയാണ് ഫോര്‍ട്ട് കൊച്ചിയിലെ കാഴ്ച്ചകള്‍.
ഡിസംബര്‍ മാസത്തോടെ നിരവധി ആഘോഷ പരിപാടികള്‍ക്കാണ് ഫോര്‍ട്ട് കൊച്ചി വേദിയാകുന്നത്. പുതുവല്‍സരാഘോഷങ്ങളുടെ വരവറിയിക്കുന്ന കൊച്ചിന്‍ കാര്‍ണിവെല്ലും,ഡിസംബര്‍ 31ന് പന്ത്രണ്ട് മണിക്ക് ക്രിസ്മസ് പാപ്പായെ കത്തിക്കുന്നതും ഫോര്‍ട്ട്‌കൊച്ചിയിലെ മുഖ്യ ആഘോഷങ്ങളാണ്. പുതുവല്‍സരം പ്രമാണിച്ച് ഫോര്‍ട്ട്‌കൊച്ചിയിലേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാല്‍ ഫോര്‍ട്ട്‌കൊച്ചി സന്ദര്‍ശകര്‍ക്ക് ബോട്ട് സര്‍വ്വീസ് ഉപയോഗിക്കാവുന്നതാണ്.
ഇന്ത്യയിലെ വിവിധ സംസ്‌കാരങ്ങളെ കുറഞ്ഞ സമയത്തിനുള്ളില്‍ അടുത്തറിയണമെങ്കില്‍ മട്ടാഞ്ചേരി സന്ദര്‍ശിച്ചാല്‍ മതി.ഗുജറാത്തികള്‍, ജൈന മത വിശ്വാസികള്‍, കൊങ്കണികള്‍, ജൂത മതസ്ഥര്‍, ഇസ്ലാം മത വിശ്വാസികള്‍, തമിഴ് ബ്രാഹ്മണര്‍ എന്നിങ്ങനെ മുപ്പതോളം സമുദായങ്ങളില്‍പ്പെട്ടവര്‍ താമസിക്കുന്ന ഇടമാണ് മട്ടാഞ്ചേരി. വൈവിധ്യം നിറഞ്ഞ കാഴ്ചകളാണ് മട്ടാഞ്ചേരി ഒരുക്കുന്നത്. വിവിധ മതസ്ഥരുടെ ഉല്‍സവങ്ങള്‍, രുചി വൈവിധ്യങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയാണ് മട്ടാഞ്ചേരിയിലെ പ്രത്യേകത. ഡച്ച് പാലസ്, ജൂത വിശ്വാസികളുടെ ആരാധനാലയമായ സിനഗോഗ്, ആനവാതില്‍, അത്തറും സുഗന്ധവ്യജ്ഞ്‌നങ്ങളും വില്‍ക്കുന്ന കടകള്‍, പുരാവസ്തു വിപണന കേന്ദ്രങ്ങള്‍ തുടങ്ങിയ കാഴ്ചകള്‍.
ഗുജറാത്തി പലഹാരത്തിന് പേരു കേട്ട ശാന്തിലാല്‍ മിഠായ് വാല എന്ന പലഹാര കട, കായിക്കയുടെ ബിരിയാണി, ബിരിയാണിയുടെ മട്ടാഞ്ചേരി പതിപ്പായ ഇറച്ചിച്ചോര്‍ എന്നിങ്ങിനെയുള്ള രുചികളുമാണ് മട്ടാഞ്ചേരിയില്‍ കാത്തിരിക്കുന്നത്.