Kerala

മുഖം മിനുക്കി കൊച്ചി വിമാനത്താവളം; നവീകരിച്ച ഒന്നാം ടെര്‍മിനലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നവീകരിച്ച ഒന്നാം ടെര്‍മിനലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 240 കോടി രൂപയ്ക്ക് 6 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ടെര്‍മിനല്‍ നവീകരിച്ചിരിക്കുന്നത്. മണിക്കൂറില്‍ 4000 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും 11 ഗേറ്റുകളും 7 എയ്‌റോ ബ്രിഡ്ജുകളുമാണ് ഒന്നാമത്തെ ടെര്‍മിനലിന്റെ പ്രത്യേകതകള്‍.

കൂടാതെ കൂടുതല്‍ കാറുകള്‍ പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒന്നാം ടെര്‍മിനലിന് പുറമേ 30 മെഗാവള്‍ട്ടില്‍ നിന്നും 40 മെഗാവള്‍ട്ടിലേക്കായ് ഉയര്‍ത്തിയ സൗരോര്‍ജ്ജ പ്ലാന്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. 2600 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനായി നിര്‍മ്മിച്ച സൗരോര്‍ജ്ജ കാര്‍ പോര്‍ട്ടുമായാണ് ഇനി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിങ്ങളെ സ്വാഗതം ചെയ്യുക.

നവീകരണ പദ്ധതി യാഥാര്‍ത്യമായതോടെ ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ എയര്‍പോര്‍ട്ടായി കൊച്ചി മാറി. സൗരോര്‍ജ്ജ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി 30 വോള്‍ട്ടില്‍ നിന്ന് 40 വോള്‍ട്ടിലേക്ക് ഉയര്‍ത്തുമ്പോള്‍ 1.6 ലക്ഷം യൂണിറ്റ് വൈദ്യുതി കൂടുതല്‍ ലഭിക്കും. പ്രതിദിനം 30000 യൂണിറ്റ് വൈദ്യുതി മിച്ചവും ലഭിക്കും.

ഇതിനൊക്കെ പുറമെ മറ്റൊരു പ്രത്യേകതകൂടി നവീകരിച്ച ടെര്‍മിനലിനുണ്ട്. ഒന്നാം ടെര്‍മിനിലൂടെ ഇനി യാത്രക്കാരെ സ്വാഗതം ചെയ്യുന്നത് കലാങ്കണമായിരിക്കും. സഞ്ചാരികളായ വിദേശികളെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. ക്‌ളീഷേ ഒഴിവാക്കി വിമാനത്താവളങ്ങളിലെ രൂപ ശൈലിയില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ഇനി മുതല്‍ ഒന്നാം ടെര്‍മിനല്‍ ഉണ്ടാവുക.