Auto

ജാവ ബൈക്കുകള്‍ ഈ ശനിയാഴ്ച മുതല്‍ നിരത്തുകളിലേക്കെത്തും

ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ ഐക്കണിക്ക് ഇരുചക്രവാഹനമായിരുന്ന ജാവ ബൈക്കുകള്‍ തിരിച്ചെത്തിയിരിക്കുകയാണ്.

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. ഈ ജാവ ബൈക്കുകള്‍ ഡിസംബര്‍ 15 മുതല്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാമെന്നതാണ് പുതിയ വാര്‍ത്ത. ആദ്യ ഡീലര്‍ഷിപ്പിന്‍റെ ഉദ്ഘാടനത്തിനൊപ്പം ടെസ്റ്റ് ഡ്രൈവും ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടാണ് ജാവയുടെ തിരിച്ചുവരവ്. ജാവ, ജാവ 42 എന്നിവയുടെ ബുക്കിങ്ങും കമ്പനി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഈ രണ്ടു ബൈക്കുകളുമാണ് ടെസ്റ്റ് ഡ്രൈവിനായി ഒരുക്കുന്നത്. ഈ ബൈക്കുകള്‍ ഡിസംബര്‍ 14,15 തീയതികളിലായി ഡീലര്‍ഷിപ്പുകളിലെത്തും. എന്നാല്‍, ജാവ പരാക്ക് അടുത്ത വര്‍ഷമായിരുക്കും പുറത്തിറങ്ങുക.

 

ആദ്യ ഘട്ടത്തില്‍ രാജ്യത്തുടനീളം 105 ഡീലര്‍ഷിപ്പുകള്‍ തുടങ്ങുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും ജാവയ്ക്ക് ഡീലര്‍ഷിപ്പുണ്ട്. ഇതില്‍ ഏഴ് ഡീലര്‍ഷിപ്പുകള്‍ കേരളത്തിലാണ്‌. കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഡീലര്‍ഷിപ്പുകള്‍.

 

ഡിസംബര്‍ 15-ന് ഇന്ത്യയിലെ ആദ്യ ഡീലര്‍ഷിപ്പിന്‍റെ ഉദ്ഘാടനം നടക്കും. ഡീലര്‍ഷിപ്പുതല ബുക്കിങ്ങും അന്ന് മുതല്‍ ആരംഭിക്കും. ഇപ്പോള്‍ 5000 രൂപ സ്വീകരിച്ച് ഓണ്‍ലൈന്‍ വഴിയാണ് ബുക്കിങ് തുടരുന്നത്. ഡീലര്‍ഷിപ്പ് ഉദ്ഘാടന ദിവസം മുതല്‍ 5000 രൂപ ടോക്കണ്‍ അഡ്വാന്‍സ് നല്‍കി ഡീലര്‍ഷിപ്പുകളില്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ടെസ്റ്റ് ഡ്രൈവിനുള്ള അവസരം.

 

22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. ജാവ 42 ന് 1.55 ലക്ഷം രൂപയും ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ പരേക്കിന് 1.89 രൂപയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില. 1960 കളിലെ പഴയ ജാവയെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളോടെയാണ് ജാവയുടെ രണ്ടാം വരവ്.

 

പഴയ ക്ലാസിക് ടൂ സ്ട്രോക്ക് എന്‍ജിന് സമാനമായി ട്വിന്‍ എക്സ്ഹോസ്റ്റ് ആണ് പുതിയ ജാവകളുടെ പ്രധാന ആകര്‍ഷണം. ജാവ പരേക്കിൽ 334 സിസി എൻജിനാണ് ഹൃദയം. മറ്റുരണ്ട് ബൈക്കുകളുടേത് 293 സിസി എൻജിനും. ഈ 293 സിസി എൻജിന്‍ 27 എച്ച്പി കരുത്തും 28 എൻഎം ടോർക്കും സൃഷ്‍ടിക്കും. മലിനീകരണ നിയന്ത്രണ നിലവാരത്തില്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതാണ് എന്‍ജിന്‍. 6 സ്പീഡ് ഗിയർബോക്സാണ് ട്രാന്‍സ്മിഷന്‍. ബൈക്കിന് കിക് സ്റ്റാർട്ട് ഉണ്ടാകില്ല. ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യം നിരത്തിലെത്തുക. ശേഷി കൂടിയ പരേക്കിന്റെ വില പ്രഖ്യാപിച്ചെങ്കിലും ഉടൻ വിപണിയിലെത്തില്ല. ഫാക്ടറി കസ്റ്റം മോഡലാണ് ജാവ പെരാക്ക്.