News

ടൈറ്റാനിക് കപ്പല്‍ വീണ്ടും യാത്രയ്‌ക്കൊരുങ്ങുന്നു

വൈറ്റ് സ്റ്റാര്‍ ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള ഒരു യാത്രാകപ്പലായിരുന്നു റോയല്‍ മെയില്‍ സ്റ്റീമര്‍ ടൈറ്റാനിക്. അക്കാലത്തെ ഏറ്റവും വലിയ യാത്രാ ആവിക്കപ്പലായിരുന്നു ടൈറ്റാനിക്. ഒരിക്കലും മുങ്ങാത്തത് എന്നു വിശേഷിക്കപ്പെട്ട ആ കപ്പല്‍, ആദ്യത്തെ യാത്രയില്‍ തന്നെ, ഒരു മഞ്ഞുമലയില്‍ ഇടിച്ച് മുങ്ങുകയായിരുന്നു.

ഇപ്പോഴിതാ മുങ്ങിയ കപ്പലിന് പകരമായി ടൈറ്റാനിക് II എത്തുകയാണ്. റിപ്പോര്‍ട്ട് പ്രകാരം 2022-ലാണ് ടൈറ്റാനിക് II തന്റെ ആദ്യ യാത്രയ്ക്കിറങ്ങുന്നത്. ഓസ്ട്രേലിയന്‍ കമ്പനിയായ ബ്ലൂസ്റ്റാറാണ് അവരുടെ ഈ പദ്ധതിയെ കുറിച്ച് പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ‘ ടൈറ്റാനിക് കപ്പല്‍ യാത്രയ്ക്ക് പോയ അതേ റൂട്ടിലാണ് ടൈറ്റാനിക് II യാത്ര ചെയ്യുക. ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നിന്നും ന്യൂയോര്‍ക്ക് വരെയാണ് യാത്ര.” – ബ്ലൂ സ്റ്റാര്‍ ലൈന്‍ ചെയര്‍മാന്‍ ക്ലൈവ് പാല്‍മര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

1912 ഏപ്രില്‍ 15 നാണ് ടൈറ്റാനിക് കപ്പല്‍ മുങ്ങിയത്. ടൈറ്റാനിക്‌നുംII ആദ്യ കപ്പലിന്റെ അതേ രൂപകല്‍പ്പനയായിരിക്കും ഉണ്ടാവുക. ഇംഗ്ലണ്ടിലെ സതാംപ്റ്റണ്‍ തുറമുഖത്തു നിന്നും 2,200 പേരെയും കൊണ്ട് ന്യൂയോര്‍ക്കിലേയ്ക്കായിരുന്നു അദ്യ കപ്പലിന്റെ യാത്ര. 1500-പേരാണ് അന്നുണ്ടായ അപകടത്തില്‍ മരിച്ചത്. ചരിത്രത്തിലെ ഏറ്റവും ഭയാനകമായ അപകടമായിരുന്നു ഇത്.

ലോകത്തെ പല സമ്പന്നന്മാരായിരുന്നു അന്ന് ടൈറ്റാനിക് കപ്പലില്‍ യാത്ര ചെയ്തിരുന്നത്. ഗ്രേറ്റ് ബ്രിട്ടണില്‍ നിന്നും, അയര്‍ലന്‍ഡില്‍ നിന്നും, സ്‌കാന്‍ഡിനാവിയയില്‍ നിന്നും നൂറുകണക്കിന് വരുന്ന കുടിയേറ്റക്കാരും ഇതിലുണ്ടായിരുന്നു. ആഡംബരമായ എല്ലാ സൗകര്യങ്ങളും ഈ കപ്പലില്‍ ഉണ്ടായിരുന്നു. ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍, ലൈബ്രറികള്‍, ഹൈ-ക്ലാസ് റെസ്റ്ററന്റുകള്‍, ആഡംബര ക്യാബിനുകള്‍ എന്നിവ ടൈറ്റാനിക്കില്‍ ഉണ്ടായിരുന്നു.

നിരവധി സുരക്ഷ സംവിധാനങ്ങളും ടൈറ്റാനിക്കില്‍ ഉണ്ടായിരുന്നു. വാട്ടര്‍റ്റൈയ്റ്റ് കംപാര്‍ട്ട്മെന്റുകളും, റിമോട്ട് കൊണ്ട് പ്രവര്‍ത്തിക്കുന്ന വാട്ടര്‍റ്റൈയ്റ്റ് ഡോറുകളും സുരക്ഷയുടെ ഭാഗമായിരുന്നു. 1,178 ആളുകള്‍ക്കുള്ള ലൈഫ്ബോട്ടുകള്‍ എന്നിവയും ടൈറ്റാനിക്കില്‍ ഉണ്ടായിരുന്നു. 16 ലൈഫ്ബോട്ട് ഡെവിറ്റുകള്‍ മാത്രമേ കപ്പലില്‍ ഉണ്ടായിരുന്നുള്ളൂ.

ഇതുപോലെ ഒരു അപകടം ഇനി ഒഴിവാക്കാനായി ടൈറ്റാനിക് II -ല്‍ ആവശ്യത്തില്‍ കൂടുതല്‍ ലൈഫ് ബോട്ടുകള്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. എല്ലാ ആധുനിക സംവിധാനങ്ങളും, സാങ്കേതിക വിദ്യയും കപ്പലില്‍ ഉണ്ടാകും. പുതിയ നാവിഗേഷന്‍ സംവിധാനവും റഡാര്‍ സംവിധാനവും ഉണ്ടാകും. ഒന്‍പത് ഡെക്കുകളുള്ള ടൈറ്റാനിക് II -ല്‍ 835 ക്യാബിനുകള്‍ ഉണ്ടാകും. 2,435 പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. ഈ സ്വപ്നതുല്യ യാത്രയുടെ ഫസ്റ്റ്, സെക്കന്‍ഡ്, തേര്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ നിങ്ങള്‍ക്ക് പഴയ ടിക്കറ്റ് രൂപത്തില്‍ തന്നെ വാങ്ങാം.