ബിനാലെ നാലാം ലക്കം; നിറ സാന്നിദ്ധ്യമായി മലയാളി കലാകാരന്‍മാര്‍

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ മലയാളി കലാകാരന്‍മാരുടെ ശ്രദ്ധേയ സാന്നിധ്യം. പതിനൊന്ന് മലയാളി കലാകാരന്‍മാരുടെ പ്രതിഷ്ഠാപനങ്ങളാണ് കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ ഒരുങ്ങുന്നത്.

108 ദിവസം നീണ്ടു നില്‍ക്കുന്ന കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം ഡിസംബര്‍ 12 നാണ് തുടങ്ങുന്നത്. മാര്‍ച്ച് 29 വരെയാണ് ബിനാലെ പ്രദര്‍ശനം.

ഇന്ത്യന്‍ കലാ വിപ്ലവത്തിന്റെ റാഡിക്കല്‍ ഗ്രൂപ്പിന്റെ നായകത്വം വഹിച്ച അന്തരിച്ച കെ പി കൃഷ്ണകുമാറിന്റെ(1958-89) സൃഷ്ടികളില്‍നിന്ന് തെരഞ്ഞെടുത്തതടക്കമുള്ള സൃഷ്ടികളാണ് ബിനാലെ നാലാം ലക്കത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ 30-ാം ചരമവാര്‍ഷികത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുക കൂടിയാണ് ബിനാലെ. 2012 ലെ ആദ്യ ബിനാലെയിലും കെ.പി കൃഷ്ണകുമാറിന്റെ സൃഷ്ടി ഉള്‍പ്പെടുത്തിയിരുന്നു.

ജിതിഷ് കല്ലാട്ട്, കെ പി ജയശങ്കര്‍, ആര്യകൃഷ്ണന്‍ രാമകൃഷ്ണന്‍, മോച്ചു സതീഷ് പി.ആര്‍, വി വി വിനു, ഊരാളി, വിപിന്‍ ധനുര്‍ധരന്‍, ശാന്ത, വേദ തൊഴൂര്‍ കൊല്ലേരി എന്നിവരാണ് ബിനാലെ നാലാം ലക്കത്തില്‍ പങ്കെടുക്കുന്ന മറ്റു മലയാളികള്‍.


സമകാലീന കലയുടെ വാണിജ്യവത്കരണത്തിനെതിരെ പ്രവര്‍ത്തിച്ച കേരള-ബറോഡ മുന്നേറ്റത്തില്‍ സജീവ പങ്കു വഹിച്ച വ്യക്തിയാണ് ബിനാലെ നാലാം ലക്കത്തിന്റെ ക്യൂറേറ്ററായ അനിത ദുബെ. കലാസൃഷ്ടികളുടെ സൗന്ദര്യവും രാഷ്ട്രീയവും മുന്നിട്ടു നില്‍ക്കണമെന്ന വീക്ഷണമാണ് ഇവര്‍ മുന്നോട്ടു വച്ചത്.

കേരളത്തില്‍ ഏറെ പ്രതിഭാധനരുണ്ട്. കേരളത്തിലെ സമകാലീന കലയെ ഏറെ അടുത്ത് നിന്ന് നോക്കിക്കാണാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

കേരളത്തിലെ കലാകാരന്‍മാരുമായുള്ള കൂടിക്കാഴ്ച ഏറെ സന്തോഷം നല്‍കി. ഏറെ ശ്രദ്ധയോടെയും താത്പര്യത്തോടെയുമാണ് അവര്‍ തങ്ങളുടെ സൃഷ്ടിയെ കാണുന്നത്. സൃഷ്ടികളുടെ ശക്തി തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ പിന്നെ പ്രാദേശികമെന്നോ അന്താരാഷ്ട്രമെന്നോ കലാകാരന്‍മാരെ വിലയിരുത്താന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. ബിനാലെയുടെ കാണികളിലേറെയും കേരളത്തില്‍ നിന്നാണെന്നുള്ളത് കലാകാരന്‍മാരുടെ തെരഞ്ഞെടുപ്പില്‍ ഘടകമായില്ലെന്നും അവര്‍ പറഞ്ഞു.

 

2012 ലെ ആദ്യ ബിനാലെ മുതല്‍ കേരളത്തിലെ കലാപ്രതിഭാശേഷിയും അടിസ്ഥാന സൗകര്യങ്ങളും വളര്‍ത്തുന്നതിനു വേണ്ടി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ചെറുപ്പക്കാരും പരിചയസമ്പന്നരുമായ കലാകാരന്‍മാരുമായി ദൃഢമായ ബന്ധം വളര്‍ത്തിയെടുക്കാനായിട്ടുണ്ട്. കേരളത്തിലെ കലാകാരന്‍മാര്‍ക്ക് അന്താരാഷ്ട്ര വേദിയിലേക്കുള്ള അവസരം കൂടിയാണ് ബിനാലെയെന്ന് അദ്ദേഹം പറഞ്ഞു.

 

പ്രകൃതിദൃശ്യങ്ങളുടെ ചിത്രമാണ് മലയാളി കലാകാരന്‍ സതീഷ് പി.ആര്‍-ന്റെ ഇഷ്ടവിഷയം. ഇത് അത്തരം ദൃശ്യങ്ങള്‍ മാത്രമല്ലെന്നും തന്റെ ചുറ്റുമുള്ള ലോകത്തിന്റെ വ്യാഖ്യാനങ്ങളാണെന്നും സതീഷ് പറഞ്ഞു. ഇത് അവതരിപ്പിക്കുന്നതിനു വേണ്ടി അവയെ ആധാരമാക്കിയെന്ന് മാത്രമേയുള്ളൂ. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ദേശീയ സ്‌കോളര്‍ഷിപ്പും കേരള ലളിതകലാ അക്കാദമിയുടെ ഗവേഷണ സഹായവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജില്‍ നിന്ന് പ്രതിമാനിര്‍മ്മാണത്തില്‍ വി വി വിനു ബിരുദം നേടിയിട്ടുണ്ട്. തന്റെ ദളിത് പശ്ചാത്തലത്തില്‍ നിന്നുമാണ് ക്രിയാത്മകമായ പ്രചോദനം നേടിയതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തില്‍ ജനിച്ചതിനാല്‍ തന്നെ വിവേചനവും ദാരിദ്ര്യവും ഏറെ പരിചിതമാണെന്നും അദ്ദേഹം പറയുന്നു.

ഊരാളി സംഗീത ബാന്‍ഡാണ് മൂന്നാമത്തെ മലയാളി സാന്നിദ്ധ്യം. ശ്രോതാക്കളെ അവര്‍ക്കിഷ്ടമുള്ള രീതിയില്‍ സംഗീതം ആസ്വദിക്കാന്‍ അനുവദിക്കുന്നതാണ് ഈ ബാന്‍ഡിന്റെ രീതി. നാടകം, കല, സംഗീതം എന്നിവയുടെ മിശ്രണമാണ് അവരുടെ രീതി. ലാറ്റിന്‍ അമേരിക്കയില്‍ നിന്നും കാജോണ്‍, വോംബോ ഡ്രം, ആഫ്രിക്കയില്‍ നിന്നും ഡിജെംബെ, മെഡിറ്ററേനിയന്‍ മരുഭൂമിയില്‍ നിന്നും ബൗക്ക എന്നിവയെ കേരളത്തിലെ ശ്രോതാക്കളിലേക്ക് ഊരാളി എത്തിച്ചു.

ആദ്യ ബിനാലെ മുതല്‍ ബിനാലെ ഫൗണ്ടേഷനുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന വിപിന്‍ ധനുര്‍ധരനാണ് മറ്റൊരു മലയാളി സാന്നിദ്ധ്യം. ബിനാലെ സൃഷ്ടികള്‍ക്കായി അറിയാതെ തന്നെ കൊച്ചിയിലെ തെരുവുകളിലേക്കെത്തിയെന്നും അദ്ദേഹം പറഞ്ഞു.

മലബാര്‍ സ്വദേശിയായ നെയ്ത്തുകലാകാരി ശാന്ത 1989 ല്‍ കോഴിക്കോട്ടെ ബേപ്പൂരില്‍ കലാകേന്ദ്രം ആരംഭിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കലയ്ക്ക് സമകാലീന സ്വഭാവം നല്‍കുകയാണ് ശാന്ത. കലാകാരന്‍മാരെയും നെയ്ത്തുകാരെയും ഒരുമിച്ച് കൊണ്ടുവന്നാണ് സൃഷ്ടികള്‍ തയ്യാറാക്കുന്നത്. ഈ മാധ്യമത്തിന്റെ പരിമിതികള്‍ മറികടക്കാന്‍ ഇത് സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.

ബിനാലെയുടെ മുന്‍ലക്കങ്ങളിലും സജീവമായ മലയാളി സാന്നിദ്ധ്യം ഉണ്ടായിരുന്നു. അലക്‌സ് മാത്യു, രഘുനാഥന്‍ കെ, പ്രഭാകരന്‍ കെ, രതീഷ് ടി, ശോശ ജോസഫ്, ഉപേന്ദ്രനാഥ് ടി ആര്‍, വല്‍സന്‍ കൂര്‍മ്മ കൊല്ലേരി, മധുസൂദനന്‍, കെ എം വാസുദേവന്‍ നമ്പൂതിരി, പുനലൂര്‍ രാജന്‍, ബാര ഭാസ്‌കരന്‍, സി ഭാഗ്യനാഥ്, കെ ആര്‍ സുനില്‍, പി കെ സദാനന്ദന്‍, ടി വി സന്തോഷ്, ടോണി ജോസഫ് എന്നിവര്‍ മുന്‍ ലക്കങ്ങളില്‍ ബിനാലെയില്‍ പങ്കെടുത്തിട്ടുണ്ട്.