Kerala

സ്വപ്‌നച്ചിറകിലേറി കണ്ണൂര്‍; സംസ്ഥാന സര്‍ക്കാറിന് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. 9.30 ന് ഡിപ്പാര്‍ച്ചര്‍ ഹാളില്‍ നിലവിളക്ക് കൊളുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് ആദ്യ വിമാനം ഫ്‌ലാഗ് ഓഫ് ചെയ്തു.

അബുദാബിയിലേക്കാണ് കണ്ണൂരില്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ സര്‍വീസ്. രാവിലെ പത്തിന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒമ്പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്‌ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും.

തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്‌ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും താത്പര്യം അറിയിച്ചിട്ടുണ്ട്

കണ്ണൂര്‍ വിമാനത്താവളം വികസന മാതൃകയെന്നും ഉദ്ഘാടന ദിവസമായ ഇന്ന് വ്യോമയാന ചരിത്രത്തിലെ സുപ്രധാന ദിനമെന്നും കേന്ദ്രമന്ത്രി സുരേഷ് പ്രഭു. ഇനി വരുന്ന വിമാനത്താവളങ്ങള്‍ക്ക് കണ്ണൂര്‍ മാതൃകയാകും. വിനോദ സഞ്ചാര മേഖലക്ക് ഉണര്‍വുണ്ടാകും. പ്രവാസികള്‍ക്കും ആഭ്യന്തര യാത്രക്കാര്‍ക്കും വിമാനത്താവളം പ്രയോജനപ്പെടുമെന്നും പറഞ്ഞ കേന്ദ്രമന്ത്രി സംസ്ഥാന സര്‍ക്കാരിന് നന്ദിയും പറഞ്ഞു.

സംസ്ഥാനവും കേന്ദ്രവും തമ്മില്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നതിന് ഉത്തമ മാതൃകയാണിത്. കേരളത്തിന് എല്ലാ പിന്തുണയും നല്‍കും. പ്രളയ സമയത്ത് സാധ്യമായ എല്ല സഹായവും ചെയ്തു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.