ഏപ്രില്‍ ഒന്ന് മുതല്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധം
ഏപ്രില്‍ ഒന്നു മുതല്‍ റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. റജിസ്റ്റര്‍ ചെയ്യുമ്പോള്‍ മോട്ടോര്‍വാഹന വകുപ്പ് നമ്പര്‍ നല്‍കും. ഇത് നമ്പര്‍ പ്ളേറ്റില്‍ പതിച്ച് ഘടിപ്പിക്കേണ്ട ഉത്തരവാദിത്തം ഡീലര്‍മാര്‍ക്കായിരിക്കും. നമ്പര്‍ പ്ളേറ്റ് നിര്‍മിക്കാന്‍ ഏതെങ്കിലും അംഗീകാരമുള്ള സ്ഥാപനത്തെ വാഹനനിര്‍മാതാവിനു സമീപിക്കാം.
റജിസ്ട്രേഷന് നമ്പര്‍, എന്ജിന്, ഷാസി നമ്പറുകള്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ മുന്‍വശത്തെ ഗ്ളാസില്‍ പതിപ്പിക്കും. ഇതില്‍ മാറ്റം വരുത്താന്‍ പിന്നീട് സാധിക്കില്ല. ഇളക്കാന്‍ ശ്രമിച്ചാല്‍ തകരാര്‍ സംഭവിക്കുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ഗ്ളാസ് മാറേണ്ടി വന്നാല്‍ പുതിയ സ്റ്റിക്കറിനു അംഗീകൃതര്‍ സര്‍വീസ് സെന്ററിനെ സമീപിക്കുകയും വേണം.
സാധാരണയായ നമ്പര്‍ പ്ളേറ്റുകള്‍ സ്ക്രൂ ഉപയോഗിച്ചാണ് ഘടിപ്പിക്കാറ്. പുതിയ പ്ളേറ്റുകള്‍ റിവെറ്റ് തറച്ചായിരിക്കും പിടിപ്പിക്കുക. ഇത് ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്നതായിരിക്കും. ഹോളോഗ്രാം മുദ്ര മറ്റൊരു പ്രത്യേകതയാണ്.
നമ്പര്‍ പ്ളേറ്റുകള്‍ക്കു ഏകീകൃത സ്വഭാവം കൊണ്ടുവരാനും പുതിയ പരിഷ്കാരത്തിലൂടെ സാധിക്കും. വാഹനത്തിന്റെ ഒറിജനല്‍ രേഖകള്‍ ഹാജരാക്കിയാലേ നമ്പര്‍ പ്ളേറ്റ് ലഭിക്കൂ. പഴയ വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ളേറ്റുകള്‍ നിര്‍ബന്ധമല്ല. എന്നാല്‍ താല്പര്യമുള്ളവര്ക്ക് ഘടിപ്പിക്കാം.
2001 ലാണ് നമ്പര്‍ പ്ളേറ്റ് പരിഷ്കാരം ഏര്‍പ്പെടുത്താന്‍ നിയമഭേദഗതി കൊണ്ടു വന്നത്. എന്നാല്‍ പൂര്‍ണമായി വിജയം കൈവരിക്കാനായില്ല. ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ് നടപ്പാക്കിയത്. പല തവണ ടെന്‍ഡര്‍ വിളിച്ചെങ്കിലും ലേലത്തില്‍ കമ്പനികള്‍ തമ്മിലുള്ള തര്‍ക്കം തടസമാകുകയായിരുന്നു സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്കു നമ്പര്‍ പ്ലേറ്റ് വാങ്ങുമ്പോള്‍ വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത പ്ലേറ്റുകളാണു പ്രചാരത്തിലുണ്ടായിരുന്നത്.
എന്നാല്‍ പുതിയ സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള നമ്പര്‍ പ്ലേറ്റുകള്‍ നിലവില്‍ വരുന്നത് ദേശീയതലത്തില്‍ തന്നെ നമ്പര്‍ പ്ലേറ്റുകള്‍ക്ക് ഐകരൂപം കൈവരിക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.