മഠവൂര് പാറയിലേക്ക് പോകാം
കേരളത്തിന്റെ മാത്രമല്ല; വിനോദ സഞ്ചാരത്തിന്റെയും തെക്കേ അറ്റമാണ് തിരുവനന്തപുരം. ഇവിടെ എത്തിപ്പെട്ടാല്‍ പിന്നെ കന്യാകുമാരിയല്ലാതെ കാര്യമായി യാത്രപോകാന്‍ വേറൊരു ഇടമില്ല. വടക്കോട്ട് നോക്കിയാല്‍ വന്ന വഴി, തെക്കോട്ട് നോക്കിയാല്‍ നീലക്കടല്‍. ഇതിനിടയില്‍ വിനോദസഞ്ചാരത്തിന് പിന്നെ അതിര്‍ത്തി കടക്കണം.
എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പോയിവരാന്‍ ഇവിടത്തെ പതിവ് കേന്ദ്രങ്ങള്‍ മതിയാവാതെ വരുമ്പോഴാണ് നാം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകുക. അങ്ങനെ ഒരു വിധത്തില്‍ ഇവിടെ പെട്ടുപോയവര്‍ക്ക് അത്യാവശ്യം പ്രകൃതി ഭംഗി ആസ്വദിക്കാനും, നഗരം പാതിയും, കൂടാതെ കടലിന്ററ്റം കാണാനും അതുമല്ലെങ്കില്‍ വെറുതെ ആകാശം നോക്കി, കാറ്റുകൊള്ളാനും പറ്റിയ നല്ലൊരിടമാണ് മഠവൂര് പാറ.
ഒറ്റക്കോ കൂട്ടമായോ, കുടുംബസമേതമോ പോയിവരാവുന്ന ഈ പ്രാദേശിക വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. ശ്രീകാര്യത്ത് നിന്നും ചെങ്കോട്ടുകോണം റൂട്ടിലാണ് മടവൂര്‍ പാറ. ബസ് സ്റ്റോപ്പില്‍ നിന്ന് നടക്കാനുള്ള ദൂരം. പാറയുടെ പ്രവേശന കവാടം വരെ ചെറുവാഹനവുമെത്തും. കേരള ഗവണ്മെന്റിന്റെ പുരാവസ്തുവകുപ്പിന് കീഴില്‍ സംരക്ഷിക്കപ്പെട്ട പ്രാചീന ഗുഹാക്ഷേത്രവും, പുരാവസ്തു സ്മാരകവും ഇവിടെയുണ്ട്.
ക്ഷേത്രത്തെക്കൂടാതെ, സംരക്ഷിത പ്രദേശത്തില്‍ ഓല മേഞ്ഞ് പ്രത്യേകം രൂപകല്‍പ്പന ചെയ്ത ബാംബൂ ബ്രിഡ്ജും (മുളപ്പാലവും), മുളക്കുടിലുകളും വ്യൂപോയിന്റുകളുമാണ് ഇവിടെത്തെ പ്രധാന ആകര്ഷണങ്ങള്. പാറമുകളിലിരുന്നാല് ആകാശക്കാഴ്ചകളും സൂര്യാസ്തമയും കാണാം. സുഖശീതളമായ കാലാവസ്ഥ പ്രഭാതത്തെയും സായാഹ്നത്തെയും കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു. പ്രാദേശിക വിനോദസഞ്ചാര സാധ്യതകള്‍ ലക്ഷ്യമിട്ട് ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം എന്നിവയും മഠവൂര് പാറയുടെ മുകളിലുണ്ട്.
ചെങ്കോട്ടുകോണം ആശ്രമത്തിന്റെ അധീനതയിലുള്ള ഇവിടെയുള്ള ശിവക്ഷേത്രത്തിന് 1300 വര്‍ഷം പഴക്കം കണക്കാക്കുന്നു. പാറയില്‍ തന്നെ പടവുകള്‍ കൊത്തിവച്ചിരിക്കുന്നു. എട്ടാം നൂറ്റാണ്ടിലെ ബുദ്ധമത ക്ഷേത്രമായിരുന്നു എന്നും ചരിത്രകാരന്മാര്ക്കിടയില് അഭിപ്രായമുണ്ട്. തൂണുകളില്‍ വട്ടെഴുത്തും കാണാം. പാറമുകളില്‍ നിന്ന് ഒഴുകിയിറങ്ങുന്ന നീര്‍ച്ചാലും അതെത്തിച്ചേരുന്ന ഗംഗാ തീര്‍ത്ഥവും ആകര്‍ഷണീയമാണ്. ക്ഷേത്രമുള്‍ക്കൊള്ളുന്ന പാറ സമുദ്രനിരപ്പില്‍ നിന്നും 300 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പാറപ്പരപ്പില്‍ നിന്ന് വ്യൂപോയന്റ് വരെ നീളുന്നമുള്ള കൊണ്ടുള്ള പാലത്തിന് 100 മീറ്റളോളം ദുരമുണ്ട്.