തിരുപ്പതി മാതൃകയില്‍ കന്യാകുമാരിയില്‍ വെങ്കടാചലപതി ക്ഷേത്രം ഒരുങ്ങുന്നു
ഏഴുമല മുകളില്‍ കുടി കൊള്ളുന്ന തിരുപതി വെങ്കടാചലപതി ക്ഷേത്രത്തിന്റെ മാതൃകയില്‍ കന്യകുമാരി ത്രിവേണി സംഗമത്തില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന് ജനുവരി 27ന് കുംഭാഭിഷേകം. കന്യാകുമാരി വിവേകാനന്ദ കേന്ദ്രവളപ്പില്‍ നിര്‍മിക്കുന്ന ക്ഷേത്രം തിരുപതി ദേവസ്ഥാനത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും.
വിവേകാനന്ദകേന്ദ്രം സൗജന്യമായി നല്‍കിയ 5.5 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. 22.6 കോടി ചെലവില്‍ തിരുപതി ദേവസ്ഥാനം നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. രണ്ടു നിലകളിലായി നിര്‍മ്മിക്കുന്ന ക്ഷേത്രത്തില്‍ അന്നദാന മണ്ഡപം, ശ്രീനിവാസ കല്യാണമണ്ഡപം, മുടി കാണിക്ക ചെലിത്തുന്ന എന്നിവ താഴത്തെ നിലയിലും ശ്രീകോവില്‍ മുകളിലത്തെ നിലയിലുമാണ്.
2010-ല്‍ കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തില്‍ തിരുപ്പതി ദേവസ്ഥാനം നടത്തിയ ശ്രീനിവാസ കല്യാണച്ചടങ്ങില്‍ ഭക്തലക്ഷങ്ങള്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് കന്യാകുമാരിയില്‍ വെങ്കടാചലപതിക്കു ക്ഷേത്രം പണിയാന്‍ ദേവസ്ഥാന അധികൃതര്‍ തീരുമാനിച്ചത്. 2013 ജൂലായില്‍ ഭൂമിപൂജ നടത്തിയെങ്കിലും, 2014 ഡിസംബറിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
തിരുപ്പതി ക്ഷേത്രത്തില്‍ നടത്താറുള്ള ബ്രഹ്മോത്സവം, തേരോട്ടം, തെപ്പ ഉത്സവം തുടങ്ങിയ പ്രധാന ചടങ്ങുകള്‍ എല്ലാം അന്നേദിവസം കന്യാകുമാരിയിലെ ക്ഷേത്രത്തിലും നടത്തും. തിരുപ്പതിയില്‍ നിര്‍മിക്കുന്ന ലഡു കന്യാകുമാരിയില്‍ എത്തിച്ച് ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കും. ഗോശാല ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ക്ഷേത്രവളപ്പില്‍ ഒരുക്കും.
ക്ഷേത്രത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും ജനുവരി 27-ന് ദേവപ്രതിഷ്ഠയും ക്ഷേത്രത്തിനു കുംഭാഭിഷേകവും നടത്തും. കുംഭാഭിഷേകത്തിനു മുന്നോടിയായി യാഗശാല പൂജകള്‍ നാലുദിവസം ഉണ്ടാകുമെന്ന് തിരുപ്പതി ദേവസ്ഥാന അധികൃതര്‍ അറിയിച്ചു.