Kerala

പെരിയവര താല്‍ക്കാലിക പാലം തുറന്നു

പെരിയവര താല്‍ക്കാലിക പാലത്തിന്‍റെ പണികള്‍ അവസാനഘട്ടത്തില്‍. പാലത്തിലൂടെയുള്ള ഗതാഗതം ഇന്ന്  പുനസ്ഥാപിക്കും. ഈ വഴിയിലൂടെയുള്ള ഗതാഗതം പുനരാരംഭിക്കുന്നത് മൂന്നാറിന് വലിയ ആശ്വാസമാണ് സമ്മാനിക്കുന്നത്.

പാലം തകര്‍ന്നതോടെ മൂന്നാര്‍- ഉടുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം നിലച്ചത് വലിയ തിരിച്ചടി നേരിട്ടിരുന്നു. മൂന്നാറിലെ ഏറ്റവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ രാജമലയിലേക്കുള്ള യാത്ര തടസ്സപ്പെട്ടത് വിനോദ സഞ്ചാരമേഖലയിലും വലിയ തിരിച്ചടിയായി.

പെരിയവരയിലെത്തി താല്‍ക്കാലിക സംവിധാനത്തിലൂടെ പാലം കടന്ന് മറുവശത്തെത്തി മറ്റു വാഹനങ്ങളില്‍ സഞ്ചരിച്ചാണ് വിനോദസഞ്ചാരികള്‍ രാജമലയിലെത്തിയിരുന്നത്.

കൂറ്റന്‍ കോണ്‍ക്രീറ്റ് റിങ്ങുകള്‍ ഉപയോഗിച്ചാണ് താല്‍ക്കാലിക പാലത്തിന്‍റെ നിര്‍മ്മാണം നടത്തിയിട്ടുള്ളത്. ഇതിനാവശ്യമായ 36 കോണ്‍ക്രീറ്റ് പൈപ്പുകള്‍ തമിഴ്നാട്ടില്‍ നിന്നുമാണ് എത്തിച്ചത്. കോണ്‍ക്രീറ്റ് പൈപ്പുകള്‍ക്ക് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് അതിനു മുകളില്‍ കരിങ്കല്ലുകള്‍ പാകിയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. കനത്ത മഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 16ാം  തീയതിയാണ് പാലം തകര്‍ന്നത്.

മഴ ശക്തമായാല്‍ വെള്ളം ഉയരുവാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് പാലത്തിന്‍റെ നിര്‍മ്മാണം നടത്തിയിട്ടുള്ളത്. അനുവദനീയമായതിലും അമിത ഭാരമുള്ള വാഹനങ്ങള്‍ കടത്തി വിട്ടതും പാലം തകരുന്നതിന് കാരണമായിരുന്നു.

പാലത്തിലൂടെ കയറ്റാവുന്ന നിര്‍ദ്ദിഷ്ട ഭാരത്തിന്‍റെ അളവ് പാലത്തിന്‍റെ ഇരു വശങ്ങളിലും സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. തകര്‍ന്ന പഴയ പാലത്തിലൂടെ നെടുകെയിട്ട കോണ്‍ക്രീറ്റ് പോസ്റ്റിലൂടെയായിരുന്നു സ്‌കൂള്‍ കുട്ടികളും നാട്ടുകാരുമെല്ലാം യാത്ര ചെയ്തിരുന്നത്. പാലത്തിലൂടെയുള്ള ഗതാഗതം സ്ഥാപിക്കുന്നതോടെ ഒറ്റപ്പെട്ടിരുന്ന എട്ട് എസ്റ്റേറ്റുകള്‍ക്ക് വലിയ ആശ്വാസമാണുണ്ടാകുന്നത്.