Kerala

അന്താരാഷ്ട്ര മൗണ്ടെയ്ന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനൊരുങ്ങി വയനാട്‌

അന്താരാഷ്ട്ര മൗണ്ടെയ്ന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് വെള്ളി, ശനി ദിവസങ്ങളില്‍ മാനന്തവാടി പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ നടക്കും. അന്താരാഷ്ട്ര ക്രോസ്‌കണ്‍ട്രി മത്സരവിഭാഗത്തില്‍ 11 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. ദേശീയ തലമത്സരങ്ങളില്‍ ആര്‍മി, റെയില്‍വേ, വിവിധ സംസ്ഥാനങ്ങള്‍ എന്നിവയില്‍ നിന്നുള്ള 40 സൈക്ലിസ്റ്റുകള്‍ മത്സരിക്കും. വനിതകള്‍ക്കായി കേരളത്തില്‍ ആദ്യമായി നടത്തുന്ന സൈക്ലിങ് മത്സരത്തില്‍ 20 പേര്‍ പങ്കെടുക്കും.

അന്താരാഷ്ട്ര മത്സരത്തില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 1,50,000, 1,00,000, 50,000, 25,000, 20,000 എന്നിങ്ങനെ സമ്മാനത്തുക ലഭിക്കും. ദേശീയതലത്തില്‍ പുരുഷവിഭാഗത്തില്‍ ആദ്യ നാലുസ്ഥാനക്കാര്‍ക്ക് 1,00,000, 50,000, 25,000, 20,000 രൂപയും വനിതാവിഭാഗത്തില്‍ 50,000, 25,000, 20,000, 15,000 രൂപയും സമ്മാനമായി ലഭിക്കും.

സമാപനസമ്മേളനവും സമ്മാനദാനവും ശനിയാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി എന്നിവര്‍ ചേര്‍ന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിന്റെ പ്രചാരണാര്‍ഥം കല്പറ്റയിലും  ബത്തേരിയിലും  മാനന്തവാടിയിലും സൈക്കിള്‍ റാലി സംഘടിപ്പിക്കും.