എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ മുഖം മിനുക്കുന്നു
പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാനായി എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ മുഖം മിനുക്കുന്നു. ഓള്‍ഡ് റെയില്‍വേ സ്റ്റേഷനിലെ ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയത്. ഓര്‍ഡ് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ പച്ചാളം വരെയാണ് ട്രാക്ക് നവീകരണം നടന്നുകൊണ്ടിരിക്കുന്നത്. 100 വര്‍ഷത്തിലധികം പഴക്കമുള്ള ട്രാക്കുകളാണ് നവീകരിക്കുന്നത്.
മാലിന്യങ്ങളും മണ്ണും മൂടി പൂര്‍ണമായി അപ്രത്യക്ഷമായിരുന്ന ട്രാക്കുകളാണ് മാലിന്യങ്ങള്‍ നീക്കംചെയ്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മുന്‍പ് അനുമതി ലഭിച്ച ഒന്നരക്കോടി രൂപയുടെ ജോലികളാണ് നിലവില്‍ നടന്നു കൊണ്ടിരിക്കുന്നത്.
റെയില്‍വേ സ്റ്റേഷനില്‍ പൈതൃകം നിലനിര്‍ത്തിക്കൊണ്ടുള്ള നവീകരണമാണ് ഇവിടെ വികസന സമിതി ആവശ്യപ്പെടുന്നത്. എന്നാല്‍, സ്റ്റേഷന്‍ നവീകരണം സംബന്ധിച്ച ഫയല്‍ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയില്‍ തുടരുകയാണ്.
സ്വകാര്യ കമ്പനികള്‍ക്ക് 74 ശതമാനവും റെയില്‍വേയ്ക്കും സംസ്ഥാന സര്‍ക്കാരിനും 13 ശതമാനവും വീതം ഓഹരിയുള്ള എസ്.പി.വി. രൂപവത്കരിച്ച് പദ്ധതി നടപ്പില്‍ കൊണ്ടുവരുന്നതിനുള്ള ശുപാര്‍ശ ബോര്‍ഡിന്റെ പരിഗണനയിലുണ്ട്. 505 കോടി രൂപയുടെ ഹരിത പദ്ധതിയാണ് പരിഗണിക്കുന്നത്.
കൊച്ചിയിലേക്ക് ആദ്യമായി ഒരു തീവണ്ടി ചൂളംവിളിച്ച് എത്തിയത് ഈ സ്റ്റേഷനിലൂടെയാണ്. പൂര്‍ണത്രയീശ ക്ഷേത്രത്തിലെ നെറ്റിപ്പട്ടങ്ങള്‍ വിറ്റാണ്, കൊച്ചിയിലെ മഹാരാജാവായിരുന്ന രാമവര്‍മ റെയില്‍ വികസനം പൂര്‍ത്തിയാക്കിയതെന്നാണ് ചരിത്രം.
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി വന്നിറങ്ങിയത് ഈ റെയില്‍വേ സ്റ്റേഷനിലാണ്. സ്വാമി വിവേകാനന്ദന്‍, രബീന്ദ്രനാഥ ടാഗോര്‍ തുടങ്ങി ഒട്ടേറേ മഹാരഥന്‍മാരുടെ ഓര്‍മകള്‍ ഈ സ്റ്റേഷനുമായി ബന്ധപ്പെട്ടുണ്ട്.