Kerala

കേരള ബാംബൂ ഫെസ്റ്റ് ഡിസംബര്‍ ഏഴു മുതല്‍ കൊച്ചിയില്‍

വ്യവസായ വാണിജ്യ വകുപ്പും സംസ്ഥാന ബാംബൂ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 15 ാമത് കേരള ബാംബൂ ഫെസ്റ്റ് ഡിസംബര്‍ ഏഴു മുതല്‍ 11 വരെ കൊച്ചി എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും. വെള്ളിയാഴ്ച വൈകിട്ട് ആറിന് വ്യവസായ വകുപ്പു മന്ത്രി ഇ.പി. ജയരാജന്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.


കേരളത്തില്‍ നിന്ന് ഇരുന്നൂറോളം കരകൗശല തൊഴിലാളികളും പതിനഞ്ചോളം സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റില്‍ പ്രദര്‍ശനം ഒരുക്കും. കൂടാതെ, നാഗാലാന്‍ഡ്, മേഘാലയ, തമിഴ്‌നാട്, മണിപ്പുര്‍, മധ്യപ്രദേശ്, ത്രിപുര, അസം, സിക്കിം, അരുണാചല്‍പ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല തൊഴിലാളികളും 170 ഓളം സ്റ്റാളുകളും പ്രദര്‍ശനത്തിന്റെ ഭാഗമാകും.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുള ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് സംസ്ഥാന ബാംബൂ മിഷന്‍ പരിശീലകര്‍ രൂപകല്‍പന ചെയ്ത വിവിധ മുള ഉല്‍പ്പന്നങ്ങള്‍ കാണുന്നതിനുള്ള ഗ്യാലറിയും സജ്ജമാക്കിയിട്ടുണ്ട്. ഫെസ്റ്റിന്റെ ഭാഗമായി കുടുംബശ്രീ ഫുഡ് കോര്‍ട്ടും സജ്ജീകരിച്ചിട്ടുണ്ട്.


ഡിസംബര്‍ 10,11 തീയതികളില്‍ മുള വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ദേശീയ ശില്‍പ്പശാല എറണാകുളം സെന്റര്‍ ഹോട്ടലില്‍ നടക്കും. സാങ്കേതിക വിദഗ്ധര്‍ പങ്കെടുക്കും.

ഡിസംബര്‍ ഏഴിന് വൈകുന്നേരം 5 മണി മുതല്‍ രാത്രി9 മണി വരെയും, തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി ഒന്‍പതു വരെയുമാണ് പ്രദര്‍ശനം നടക്കുക.