India

പാസ്‍പോര്‍ട്ട് സേവനങ്ങള്‍ ഇനി മൊബൈല്‍ ആപ് വഴി ലഭിക്കും

പാസ്‍പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ ഇനി മുതല്‍ മൊബൈല്‍ ആപിലൂടെ ലഭ്യമാവും. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ഉമങ് – UMANG (യൂണിഫൈഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ന്യൂ ഏജ് ഗവേര്‍ണന്‍സ്) ആപിലാണ് പാസ്‍പോര്‍ട്ട് സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയത്.

പാസ്‍പോര്‍ട്ട് അപേക്ഷയുടെ വിവരങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ആപിലൂടെ അറിയാം. അടുത്തുള്ള പാസ്‍പോര്‍ട്ട് കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ഫീസ്, പാസ്‍പോര്‍ട്ടിന് ആവശ്യമായ രേഖകള്‍, അപ്പോയിന്റ്മെന്റ് ലഭ്യത തുടങ്ങിയവയൊക്കെ ഉമങ് ആപിലൂടെ ലഭ്യമാവും. ആന്‍ട്രോയിഡ് പ്ലേ സ്റ്റേറില്‍ നിന്നോ ഐഓസ് ആപ് സ്റ്റോറില്‍ നിന്നോ ആപ് ഡൗണ്‍ലോഡ് ചെയ്യാം. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ ഉമങ് ലഭ്യമാണ്.

ആപ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം പേരും മൊബൈല്‍ നമ്പറും വിലാസവും അടക്കമുള്ള വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ നമ്പറില്‍ ലഭിക്കുന്ന വണ്‍ ടൈം പാസ്‍വേഡും നല്‍കണം. ആപ്ലിക്കേഷനില്‍ സെന്‍ട്രല്‍ എന്ന വിഭാഗത്തിലാണ് പാസ്‍പോര്‍ട്ട് സേവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.ഇവിടെയും മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ആവശ്യമായ സേവനങ്ങള്‍ ഉപയോഗിക്കാം.

66 സര്‍ക്കാര്‍ വകുപ്പുകളിലെ 300 സര്‍ക്കാര്‍ സേവനങ്ങള്‍ ഇപ്പോള്‍ ഉമങ് ആപ്ലിക്കേഷനില്‍ ലഭ്യമാണ്.