പറന്നുയരാനൊരുങ്ങി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം
രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനായി കൂറ്റന്‍ വേദി ഒരുങ്ങുന്നു. 1.2 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന പന്തലില്‍ 25,000 പേരെ ഉള്‍ക്കൊള്ളാനാകും. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മാധ്യമപ്രവര്‍ത്തര്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ ഇരിപ്പിടങ്ങള്‍ ഉണ്ടാകും. വിമാനത്താവളത്തിനായി ഭൂമി വിട്ടുകൊടുത്തവര്‍ക്കും ഓഹരി ഉടമകള്‍ക്കും പ്രത്യേക ഇരിപ്പിടങ്ങളുണ്ടാവും. മൂന്നു ദിവസത്തിനകം വേദിയുടെ പണി പൂര്‍ത്തിയാകും.
തുടര്‍ന്ന് എല്‍ഇഡി സ്‌ക്രീനുകളും ഫാനുകളും സ്ഥാപിക്കും. പ്രധാന സ്റ്റേജിന്റെ പിന്‍ഭാഗത്തും സ്റ്റേജിന്റെ ഇരു വശങ്ങളിലും വിഡിയോ സ്‌ക്രീനുകള്‍ സ്ഥാപിക്കും. പ്രധാന സ്റ്റേജിനു മുന്നിലായി ഒരു മിനി സ്റ്റേജും ഉണ്ടാകും. ചെണ്ട വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അവതരിപ്പിക്കുന്ന കേളികൊട്ട് ഇവിടെയാണ് അരങ്ങേറുക.
ഉദ്ഘാടന ദിനമായ 9ന് രാവിലെ 7 മുതല്‍ വേദിയില്‍ വിവിധ കലാപ്രകടനങ്ങള്‍ അരങ്ങേറും. ടെര്‍മിനലില്‍ നിലവിളക്കു തെളിയിച്ച് ആദ്യ വിമാനം ഫ്‌ലാഗ് ഓഫ് ചെയ്ത ശേഷം
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും 10നു വേദിയിലെത്തും. ടെര്‍മിനല്‍ കെട്ടിടം, മേല്‍പാലങ്ങള്‍, എടിഎസ് കോംപ്ലക്‌സ് എന്നിവ ഉദ്ഘാടനത്തലേന്നു ദീപാലംകൃതമാകും.
ഹില്‍ഡനില്‍ നിന്ന് വിമാനസര്‍വീസ് ഫെബ്രുവരി 19 മുതല്‍
ഡല്‍ഹി – ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലുള്ള ഹിന്‍ഡന്‍ വിമാനത്താവളത്തില്‍നിന്നു കണ്ണൂരിലേക്കുള്ള വിമാന സര്‍വീസ് 2019 ഫെബ്രുവരി 19 മുതല്‍ ആരംഭിക്കും. വ്യോമസേനാ വിമാനത്താവളമായ ഹിന്‍ഡനില്‍നിന്ന് വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്ര മന്ത്രി സഭ അനുമതി നല്‍കിയിരുന്നു. നിരക്കു കുറഞ്ഞ ഉഡാന്‍ വിമാനസര്‍വീസുകളാണ് ഹിന്‍ഡനില്‍ നിന്ന് ആരംഭിക്കുക.
ഒരു മണിക്കൂര്‍ പറക്കുന്ന ദൂരത്തിന് 2500 രൂപയായിരിക്കും നിരക്ക്. ഇന്‍ഡിഗോയാണ് ഇവിടെ നിന്ന് സര്‍വീസുകള്‍ ആരംഭിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഹിന്‍ഡനില്‍നിന്ന് കണ്ണൂരിനു പുറമേ പിത്തോഡ്ഗഡ്, ജയ്‌സാല്‍മീര്‍, ഗോരഖ്പൂര്‍, അലഹബാദ്, കാണ്‍പൂര്‍, കൊല്‍ക്കത്ത, തിരുപ്പതി എന്നിവിടങ്ങളിലേക്കാണു സര്‍വീസ് നടത്തുക.