അവധിയാത്രാ ആനുകൂല്യം: ലക്ഷ്യസ്ഥാനമാറ്റം മുൻകൂട്ടി അറിയിക്കണം
സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും അവധിയാത്രാ ആനുകൂല്യം ഉപയോഗിച്ച് യാത്ര നടത്തുമ്പോൾ യാത്ര ആരംഭിക്കുന്നതിനു മുമ്പുള്ള പ്രഖ്യാപിത ലക്ഷ്യസ്ഥാനത്തിലെ മാറ്റം സർക്കാരിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് സർക്കാർ ഉത്തരവായി.
യാത്ര ആരംഭിച്ചതിനുശേഷം പ്രഖ്യാപിത ലക്ഷ്യസ്ഥാനത്തിൽ മാറ്റംവരുത്തിക്കൊണ്ടുള്ള ക്ലെയിമുകൾ അനുവദിക്കുകയില്ലെന്നും ധനകാര്യ വകുപ്പിന്റെ ഉത്തരവിൽ വ്യക്തത വരുത്തിയിട്ടുണ്ട്.
എയ്ഡഡ് സ്കൂളിലെയും കോളജിലെയും അധ്യാപകർ ഉൾപ്പെടെ എല്ലാ ഫുൾടൈം ജീവനക്കാർക്കും (ലോക്കൽ ബോഡി ജീവനക്കാർ ഉൾപ്പെടെ) എൽടിസിക്ക് (Leave Travel Concession) അർഹതയുണ്ട്. പതിനഞ്ച് വർഷം പൂർത്തിയാക്കിയവരാകണം അപേക്ഷകർ. പെൻഷനു കണക്കൂകൂട്ടുന്ന എല്ലാ സർവീസും ഇതിനായി കണക്കു കൂട്ടും.
സർവീസിൽ ഒരു പ്രാവശ്യം മാത്രമേ നിലവിലെ ഉത്തരവ് പ്രകാരം എൽടിസി ലഭിക്കൂ. എന്നാൽ സസ്പെൻഷൻ കാലത്തും മറ്റ് ജോലികൾക്കായി ശൂന്യ വേതനാവധി എടുത്തവർക്കും പാർട്ട്ടൈം കണ്ടിജന്റ് ജീവനക്കാർക്കും താത്കാലിക ജീവനക്കാർക്കും എൽടിസി അർഹതയില്ല. ജീവനക്കാർ, ജീവനക്കാരന്റെ ഭാര്യ/ഭർത്താവ്, അവിവാഹിതരായ മക്കൾ/നിയമപരമായി ദത്തെടുക്കപ്പെട്ട മക്കൾ എന്നിവർക്കാണ് എൽടിസി അനുവദിക്കുക. ഇതിനായി എല്ലാ ജീവനക്കാരും കുടുംബാംഗങ്ങളുടെ പേരുവിവരം സർവീസ് ബുക്കിൽ രേഖപ്പെടുത്തണം.
എൽടിസിക്കായി അപേക്ഷിക്കുന്പോൾ കൊടുക്കുന്ന കുടുംബാംഗങ്ങളുടെ പേരുകളും സർവീസ് ബുക്കിലെ പേരുകളും ഒന്നാണെന്ന് മേലധികാരി ഉറപ്പുവരുത്തണം. 6500 കിലോമീറ്റർ യാത്രയ്ക്കാണ് (മടക്കയാത്ര ഉൾപ്പെടെ) എൽടിസി അനുവദിക്കുന്നത്. ഏറ്റവും എളുപ്പത്തിലുള്ള റൂട്ടിലൂടെയുള്ള യാത്രയേ അംഗീകരിക്കൂ. അവധി ദിനങ്ങൾ ഉൾപ്പെടെ പതിനഞ്ച് ദിവസത്തേക്കാണ് എൽടിസി അനുവദിക്കുന്നത്. വെക്കേഷൻ കാലത്ത് മാത്രമേ അധ്യാപകർക്ക് എൽടിസി അനുവദിക്കൂ. (ഓണം-ക്രിസ്മസ് അവധിക്ക് പറ്റില്ല).
ജീവനക്കാരൻ യാത്ര കഴിഞ്ഞ് വന്നാൽ മൂന്നൂ മാസത്തിനകം ഒറിജിനൽ ടിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ രേഖകളും കണ്ട്രോളിംഗ് ഓഫീസറിന് സമർപ്പിക്കണം. യാത്രയ്ക്കു പോകും മുന്പേ 90 ശതമാനം തുക അഡ്വാൻസായി ക്ലൈയിം ചെയ്യാവുന്നതാണ്. ഇതിനായി അപേക്ഷയോടൊപ്പം ടിക്കറ്റിന്റെ കോപ്പി സമർപ്പിക്കണം. അലോട്ട്മെന്റിന് അനുസരിച്ച് അഡ്വാൻസ് അനുവദിക്കും. അഡ്വാൻസ് കൈപ്പറ്റിയവർ യാത്ര കഴിഞ്ഞ് ഒരു മാസത്തിനകം എല്ലാ രേഖകളും കണ്ട്രോളിംഗ് ഓഫീസറിന് സമർപ്പിക്കണം. അല്ലാത്തപക്ഷം അടുത്ത ശന്പളത്തിൽനിന്നും അഡ്വാൻസ് തുക പലിശ സഹിതം തിരിച്ചുപിടിക്കുന്നതാണ്. പോകുന്ന സ്ഥലത്തിനെ സംബന്ധിക്കുന്ന ഡിക്ളറേഷൻ കണ്ട്രോളിംഗ് ഓഫീസറിന് യാത്രയ്ക്കു മുന്പ് സമർപ്പിക്കണം. ഇത് പിന്നീട് മാറ്റാൻ സാധിക്കില്ല.
യഥാർഥ ട്രെയിൻ/റോഡ്/എയർ ഫെയർ(അങ്ങോട്ടും ഇങ്ങോട്ടും ഉള്ളത്) മാത്രമേ ലഭിക്കുകയുള്ളൂ. കെഎസ്ആർ പറഞ്ഞിട്ടുള്ള മറ്റാനുകൂല്യങ്ങൾ ലഭ്യമല്ല.(ആകസ്മിക ചെലവുകൾ, താമസിക്കുന്നതിനുള്ള ഡിഎ തുടങ്ങിയവ). ഭാര്യയും ഭർത്താവും ജീവനക്കാരാണെങ്കിൽ ഒരാൾക്കു മാത്രമേ എൽടിസി ക്ലെയിം അനുവദിക്കൂ. ഒരാൾ എൽടിസി വിനിയോഗിച്ചില്ലെന്ന സർട്ടിഫിക്കറ്റ് നൽകണം. കണ്ട്രോളിംഗ് ഓഫീസറാണ് എൽടിസിയുടെ സാംഗ്ഷനിംഗ് അഥോറിറ്റി.