Kerala

ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് തിരുവനന്തപുരത്ത്

എറണാകുളം മറൈന്‍ ഡ്രൈവില്‍ 2018 സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ  നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് 2019 ഫെബ്രുവരി 15 മുതല്‍ 18 വരെ തിരുവനന്തപുരം കനകക്കുന്നില്‍ വച്ച് നടത്തുന്നതിന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.

ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളില്‍ കേരളത്തിലുണ്ടായ പ്രളയ ദുരന്തങ്ങളെ തുടര്‍ന്നാണ് കോണ്‍ക്ലേവ് മാറ്റിവച്ചത്. വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള ദുരിത നിവാരണത്തിനും പകര്‍ച്ചവ്യാധി പ്രതിരോധത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ആയുഷ് വകുപ്പ്.

ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറ വിപുലപ്പെടുത്താനും ലോക സമക്ഷം പ്രസിദ്ധപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങളാണ് ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കുന്നത്. പൊതുജനാരോഗ്യ മേഖലയില്‍ ആയുഷ് വിഭാഗങ്ങളുടെ ശക്തിയും സാധ്യതകളും എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സെമിനാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധി സമ്മേളനം, നവകേരള നിര്‍മാണത്തില്‍ ആയുഷ് വിഭാഗങ്ങളുടെ പങ്കിനെ കുറിച്ചുള്ള ചര്‍ച്ച എന്നിവ കോണ്‍ക്ലേവില്‍ നടക്കും.

യോഗത്തില്‍ ആയുഷ് സെക്രട്ടറി കേശവേന്ദ്രകുമാര്‍ ഐ.എ.എസ്., ഔഷധി മാനേജിംഗ് ഡയറക്ടര്‍ കെ.വി. ഉത്തമന്‍ ഐ.എഫ്.എസ്., അഡീഷണല്‍ സെക്രട്ടറി വി. ഭൂഷന്‍, ഐ.എസ്.എം. ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ്, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. ജമുന, ഡി.എ.എം.ഇ. ഡോ. ഉഷാകുമാരി, പി.സി.ഒ. ഡോ. സുനില്‍ രാജ്, ഹോംകോ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. ജോയ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്‍സിജിനസ് മെഡിസിന്‍ പ്രസിഡന്റ് ഡോ. പി.എം. വാരിയര്‍, ഡോ. സുഭാഷ് എം., ഡോ. ജയനാരായണന്‍ എന്നിവര്‍ സംസാരിച്ചു.