രാജ്യത്തെ ആദ്യ മഹിളാ മാള്‍ കോഴിക്കോട്ട്; ഉദ്ഘാടനം നാളെ
രാജ്യത്തെ ആദ്യ മഹിളാമാള്‍ കോഴിക്കോട്ട് മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കോര്‍പ്പറേഷനിലെ കുടുംബശ്രീ സി.ഡി.എസ് യൂണിറ്റാണ് വ്യവസായ രംഗത്തെ പുത്തന്‍ചുവടുവെപ്പിന് പിന്നില്‍.തികച്ചും സ്ത്രീസൗഹൃദമായാണ് മാള്‍ പ്രവര്‍ത്തിക്കുക. പെണ്‍കരുത്തിന്റെ കയ്യൊപ്പ് എന്ന മുദ്രാവാക്യവുമായാണ് മഹിളാമാള്‍ കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.
ഭരണനിര്‍വ്വഹണം മുതല്‍ സുരക്ഷാചുമതല വരെ വനിതകളുടെ മേല്‍നോട്ടത്തില്‍.103 സംരഭ ഗ്രൂപ്പുകളാണ് മാളിലുള്ളത്.ഇതില്‍ 70 സംരഭങ്ങള്‍ കുടുംബശ്രീയുടേതും ബാക്കിയുള്ളവ സ്വകാര്യ വനിതാ സംരഭകരുടേതുമാണ്. വനിതാ വികസന കോര്പറേഷന് ഹെല്പ് ഡെസ്ക്, വനിതാ കോഓപറേഷന്‍ ബാങ്ക്, കുടുംബ കൗണ്‍സലിങ് സെന്റര്‍ തുടങ്ങിയവയും മാളില്‍ പ്രവര്‍ത്തിക്കും.
അഞ്ച് നിലകളിലായി 36000 ചതുരശ്രഅടി വിസ്തീര്‍ണമാണ് മാളിനുള്ളത്. കുടുംബശ്രീ അംഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചെറുകിട ഉത്പന്നങ്ങളുടെ വിപണനത്തിനായി സ്ഥിരം എക്സിബിഷന് സെന്ററും മൈക്രോബസാറും മാളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഫുഡ് കോര്‍ട്ട് കൂടാതെ കുടുംബശ്രീയുടെ കഫേ ശ്രീയും തയ്യാറാണ്. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തന സമയം.