ചാല പൈതൃക ടൂറിസം പദ്ധതി നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും:മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ചാല പൈതൃക ടൂറിസം പദ്ധതി നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കും. നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ സഹകരണം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെഅദ്ധ്യക്ഷതയില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്നു.
മലക്കറി-മത്സ്യ-മാംസ ചന്ത നവീകരണവുമായി ബന്ധപ്പെട്ട കച്ചവടക്കാരുടെ എല്ലാവിധ ആശങ്കകളും ദൂരീകരിക്കുന്നതിനായി പദ്ധതിയുടെ രൂപരേഖ ഇവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. നവംബര്‍ 24നു ഉച്ചയ്ക്ക് 12 മണിക്ക് ചാലയിലെ കോര്‍പ്പറേഷന്റെ അധീനതയിലുള്ള ഹാളില്‍ പദ്ധതിയുടെ ആര്‍ക്കിടെക്ട് പത്മശ്രീ ശങ്കറാണ് കച്ചവടക്കാര്‍ക്കായി പ്രസന്റേഷന്‍ നടത്തുന്നത്.
ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയില്‍ മലക്കറി-മത്സ്യ- മാംസ വ്യാപാരികളുടെ കടകള്‍ സമയബന്ധിതമായി പുതുക്കി പണിയും. കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചാല കൗണ്‍സിലര്‍ കണ്‍വീനറായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യാപാരി സമൂഹം, ചാല പൗര സമിതി എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റി നിര്‍മ്മാണ പ്രവൃത്തികള്‍ കഴിയുന്നത് വരെ കച്ചവടം നടത്തുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തും.
വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി പദ്ധതി പൂര്‍ത്തീകരണം സുഗമമാക്കാന്‍ തിരുവനന്തപുരം ജില്ലാകളക്ടര്‍ കോ-ഓര്‍ഡിനേറ്ററായി തിരുവനന്തപുരം കോര്‍പ്പറേഷന്‍, ട്രിഡ, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, സ്മാര്‍ട്ട് സിറ്റി, പി.ഡബ്ലിയു.ഡി, ടൂറിസം എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംവിധാനം രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
ചാലയിലെ അമിനിസെന്റര്‍ കോര്‍പ്പറേഷന്റെ സഹായത്തോടു കൂടി പുതുക്കി പണിയാനും തീരുമാനിച്ചു.
സെക്രട്ടറിയേററ്റില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ വി.എസ്. ശിവകുമാര്‍, ചാല വാര്‍ഡ് കൗണ്‍സിലര്‍ രമേഷ്, കോര്‍പ്പറേഷന്‍ ട്രിഡ, ഹാബിറ്റാറ്റ്, സ്മാര്‍ട്ട് സിറ്റി, കെ.എസ്.ഇ.ബി, ജില്ലാ ഭരണകൂടം, വാട്ടര്‍ അതോറിറ്റി, ടൂറിസം തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികരീച്ച് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.