Middle East

അബൂദാബിയിൽ വീണ്ടും ഊബര്‍ എത്തുന്നു

രണ്ട് വര്‍ഷത്തിന് ശേഷം അബുദാബിയില്‍ ഊബര്‍ ടാക്‌സികളുടെ സേവനം എത്തുന്നു. ദുബായ് ഗതാഗത വകുപ്പിന്റെ കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററും (ഐ.ടി.സി) ഊബര്‍ കമ്പനിയും തമ്മില്‍ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കരാറിനും രൂപം നല്‍കി. സാധാരണ ടാക്‌സികള്‍ ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്ന അതേ നിരക്ക് തന്നെയാകും ഊബര്‍ ടാക്‌സികളും ഇടാക്കുന്നത്.

നിരക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 2016 ലാണ് ഊബര്‍ അബൂദബി സര്‍വീസ് അവസാനിപ്പിച്ചത്.

പുതിയ കരാര്‍ പ്രകാരം സ്വദേശികള്‍ക്ക് തങ്ങളുടെ സ്വകാര്യ കാറുകള്‍ ഊബര്‍ ടാക്‌സികളായി ഓടിക്കാം. സ്വകാര്യ ലൈസന്‍സ് മാത്രമുള്ള സ്വദേശികള്‍ക്കും മുഴുവന്‍ സമയമോ ഭാഗികമായോ ഇവര്‍ക്ക് സ്വന്തം കാറുകള്‍ ഉപയോഗിച്ച് ടാക്‌സി ഡ്രൈവര്‍മാരായി ജോലി ചെയ്യാനാവും. സ്വദേശികള്‍ക്ക് ഇത് അധിക വരുമാനത്തിനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കാനാവുമെന്ന് ഊബര്‍ മിഡില്‍ ഈസ്റ്റ് റീജ്യണല്‍ മാനേജര്‍ പറഞ്ഞു. കിലോമീറ്ററിന് 2.25 ദിര്‍ഹമായിരിക്കും നിരക്ക് ഈടാക്കുന്നത്. സമയം അടിസ്ഥാനപ്പെടുത്തി ബുക്ക് ചെയ്താല്‍ മിനിറ്റിന് 25 ഫില്‍സ് ഈടാക്കും. ഒരു മിനിറ്റിന് അഞ്ച് ഫില്‍സായിരിക്കും വെയിറ്റിങ് ചാര്‍ജ്. രാത്രിയിലും പൊതു അവധി ദിവസങ്ങളിലും നിരക്കുകളില്‍ മാറ്റമുണ്ടാകും.