അതായിരുന്നു മാഞ്ചോലൈയിലേക്കുള്ള പ്ലാന്‍ ‘ഋ’

കരിമ്പനക്കാറ്റു വീശുന്ന തെങ്കാശി ഗ്രാമത്തിലേക്ക് ഒരിക്കല്‍ പോയ വഴികളിലൂടെ ഒന്നുകൂടി അലഞ്ഞുതിരിയണമെന്ന പൂതിയുമായാണ് നബിദിനത്തില്‍ ബസ്സ് കയറിയത്. രണ്ടുവര്‍ഷം മുന്‍പുള്ള ആ ആദ്യ പെപ്പിനോ യാത്രയില്‍ പരിചയപ്പെട്ട കമ്പിളി ഊരിലെ മാരിമുത്തുവിനെ ഒരിക്കല്‍കൂടി കണ്‍ പാര്‍ക്കണം. അവന്റെ ബൈക്കിലിരുന്നൊന്ന് ഊര് ചുറ്റാം എന്നായിരുന്നു അന്നേ മനസ്സില്‍ കോറിയിട്ട പ്ലാന്‍ എ. ഇല്ലെങ്കില്‍ അന്ന് വിട്ടുപോയ കാശി വിശ്വനാഥ കോവില്‍ കയറിയിറങ്ങി ചുറ്റുപാടും അലയലായിരുന്നു പ്ലാന്‍ ബി.

കോവിലിലെത്തി മാരിമുത്തുവിനെ വിളിച്ചപ്പോള്‍ സ്ഥലത്തില്ല. പ്ലാന്‍ എയും പ്ലാന്‍ ബിയും നടക്കില്ലെന്നായപ്പോള്‍ ഒരു ഫാന്‍സി കടയില്‍ കയറിയപ്പോള്‍ പ്ലാന്‍ ഋ മുന്നിലെത്തി

വീട്ടിലെത്തിയാല്‍ ചക്കിമോള്‍ക്ക് സമ്മാനിക്കാനുള്ള മുത്തുമാല വാങ്ങാന്‍ ആ കടയില്‍ കയറിയതും മൊഞ്ചനൊരുത്തന്‍ അവിടെയിരുന്ന് മൊബൈലില്‍ ഖല്‍ബില് തേനൊഴുകണ മാപ്പിളപ്പാട്ടും കേട്ടിരിക്കുന്നു. അവന്‍ മലയാളിയാണല്ലേ എന്ന ആത്മഗതം പറഞ്ഞ് കടക്കാരനോട് കിട്ടിയ അവസരത്തില്‍ ചോദിച്ചു… അണ്ണൈ ഇവിടെ അടുത്തു കാണാന്‍ പറ്റിയ സ്ഥലങ്ങള്‍.

താമസമുണ്ടായില്ല ഒരു പേപ്പറില്‍ അവന്‍ ഇങ്ങനെ കുറിച്ചു തന്നു.

1.അമ്പൈ മണിമുത്താര്‍ ഡാം
2. അമ്പൈമലഞ്ചോലൈ ടീ എസ്റ്റേറ്റ്
3.അമ്പൈ പാപനാശം

മൂന്നിലൊന്ന് കറക്കി കുത്തി – മാഞ്ചോലൈ ടീ എസ്റ്റേറ്റ്

അതായിരുന്നു പ്ലാന്‍ ഋ

പിന്നെയൊന്നും നോക്കിയില്ല. അടുത്ത ബസ്സ് കയറി നേരെ അമ്പൈലേക്ക്. തെങ്കാശി പഴയ സ്റ്റാന്റില്‍ നിന്നും ഒന്നരമണിക്കൂര്‍ യാത്ര. ഒന്ന് മയങ്ങിയുണര്‍ന്നപ്പോള്‍ അമ്പാസമുദ്രമെന്ന് വിളിപ്പേരുള്ള അമ്പൈ. പശ്ചിമ ഘട്ടത്തിന്റെ അടിവാരം.
തിരുനെല്‍വേലിപാപനാശം സംസ്ഥാനപാതയില്‍ തിരുനെല്‍വേലി നിന്നും 35 കിലോമീറ്റര്‍ കിഴക്കാണു അംബാസമുദ്രം.

ഉച്ചയൂണും കഴിഞ്ഞ് മാഞ്ചോലൈ ബസിനുള്ള കാത്തിരിപ്പ്. സമയം 3.30. മലഞ്ചോലയില്‍ എന്തെന്ന് ഒരു നിശ്ചയമൊന്നുമില്ല. പശ്ചിമ ഘട്ടത്തിന്റെ ഉള്‍പ്രദേശമാണവിടം. ഒന്ന് പോയേച്ചും കണ്ടേച്ചും വരാം. ബസ്സെടുത്തു. അകമാകെ പച്ചക്കറിക്കെട്ടും ഭക്ഷ്യവസ്തുക്കളൊക്കെയാണ്. ടിക്കറ്റ് കിട്ടിയപ്പോഴാണ് 30 കിലോമീറ്റര്‍ ദൂരമെന്ന് തീര്‍ച്ചപ്പെടുത്തിയത്. തമിഴ്നാട് സ്റ്റേറ്റ് കുട്ടി ബസ്സ്. മണിമുത്താര്‍ അണക്കെട്ടിനോട് ചേര്‍ന്ന് ഇടുങ്ങിയ പൊട്ടിത്തകര്‍ന്ന റോഡ് യാത്രയുടെ അറ്റം വരെ. ഫോറസ്റ്റ് ചെക്ക് പോസ്റ്റുകളും എസ്റ്റേറ്റ് അതികൃതരുടെ ചെക്കുപോയന്റുകളും വഴിയില്‍ കാണാം. സൈഡ്സീറ്റിലിടം പിടിച്ചു. കാഴ്ചകളൊക്കെ കൊള്ളാം. ജലനിരപ്പില്‍ നിന്ന് 1000 മുതല്‍ 1500 മീറ്റര്‍ വരെ ഉയരമുള്ള കയറ്റിറക്കങ്ങളിലൂടെ കാട്ടിലെക്കൊരു യാത്ര. കലക്കാട് മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വ്വ് ഇവിടെയാണ്. തുടക്കത്തില്‍ മണിമുത്താര്‍ഡാമിന്റെ വൃഷ്ടിപ്രദേശത്തെ ചുറ്റിവരിഞ്ഞാണ് ബസ്സ് നീങ്ങുന്നത്. മണിമുത്താര്‍ വെള്ളച്ചാട്ടത്തിന് സമീപം കുതിരവെട്ടിയൊന്നൊരു വ്യൂ പോയന്റുമുണ്ട്.

എസ്റ്റേറ്റ് കാരുടെ ചില സ്വകാര്യ വാഹനങ്ങളല്ലാതെ മറ്റൊന്നും അത് വഴി കടത്തില്ല. വനം വകുപ്പിന്റെ പ്രത്യേക അനുമതിയോടെ ട്രക്കിംഗ് സൗകര്യം ലഭ്യമാണ്. കാട്ടിലൂടെയുള്ള ബസ്സിന്റെ ഒറ്റയാന്‍ യാത്ര സാഹസികം തന്നെ. ചോലവനങ്ങളാണ് ഇടക്കിടെ. കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങളും നിബിഡവനങ്ങളും വള്ളിക്കുടിലുകളൊരുക്കുന്ന കുറ്റിക്കാടുകളും സമൃദ്ധം. കാട്ടരുവികള്‍ക്കു കുറുകെ ഇരുമ്പും മരവും ചേര്‍ത്തൊരുക്കിയ പഴയ പാലങ്ങള്‍.

മലനിരകള്‍ പിന്നിട്ട് കുഞ്ഞു കുഞ്ഞു ഹെയര്‍പിന്‍ വളവുകളുമായി പ്രശാന്തസുന്ദരമാ മാഞ്ചോലൈ എസ്റ്റേറ്റിനകത്തേക്ക്. കാടുവിട്ട് മലിനിരകള്‍ക്കപ്പുറം കുത്തനെ കയറിപ്പോയാല്‍ ഫാക്ടറി വരെ മൂപ്പെത്തിയ തേയിലത്തോട്ടങ്ങളാണ്. തേയിലതുള്ളുന്ന തോട്ടംതൊഴിലാളികള്‍. പറുദീസയിലേക്ക് ഒരു പരവതാനി എന്നപോലെ തേയിലത്തോട്ടങ്ങളിലേക്ക് ഗൃഹാതുരതുണര്‍ത്തി നീളുന്ന കാട്ടുപാതകള്‍. തണുപ്പ് നേരിയ തോതില്‍ ഇരച്ചുകയറുന്നുണ്ട്. ചെരിയൊരു സ്റ്റോപ്പില്‍ ബസ് നിര്‍ത്തി. സമുദ്ര നിരപ്പില്‍ നിന്ന് 1162 മീറ്റര്‍ ഉയരമാണ് മാഞ്ചോലയ്ക്ക്. ചിലര്‍ ബസില്‍ നിന്നിറങ്ങി ലയങ്ങളിലേക്ക് യാത്രയായി. യാത്ര അവസാനിപ്പിക്കാമെന്ന് കരുതി ചിലര്‍ക്കൊപ്പം അടുത്തുള്ള ചായക്കടയിലേക്ക് കയറി. തിരിച്ച് ബസ്സെപ്പോഴാണെന്ന് കണ്ടക്ടറോട് തിരക്കിയപ്പോള്‍ ആറുമണിയാണ്. അത് വരെ അവിടെ ഇരിക്കണല്ലോ എന്ന് കരുതിയപ്പോഴാണ് കൂടെയുള്ള രണ്ട് യാത്രക്കാര്‍ പരിചയം കൂടിയത്.

എവിടെ പോണു ?
-ചുമ്മാ അങ്ങ്ട് കേറി…

ട്രാവലറാണല്ലേ?
– അതെയെന്ന് ഞാനും- തലയാട്ടി അവരോടെങ്ങോട്ടെന്ന് തിരക്കി.

ഊത്ത് എസ്റ്റേറ്റിലേക്ക് -എന്നവര്‍.

അപ്പോ ഈ ബസ് ഇനിയും പോകുമോ?

അതെ അവിടെ വരെ ഇനിയുമുണ്ട് ഒന്നരമണിക്കൂര്‍ യാത്ര.

അവര്‍ കൂട്ടുകാരൊത്ത് ഒന്ന് കൂടാന്‍ വന്നതാണ്.

കൊള്ളാലോ എന്ന് ഞാന്‍ ഉള്ളാലെ കരുതി. മറിച്ചൊന്നും ചിന്തിക്കാതെ, മടങ്ങേണ്ടത് ഇതേ വണ്ടിയിലാണല്ലോയെന്ന് കരുതി വീണ്ടും അതെ ബസില്‍ കയറിയിരുന്നു. അങ്ങനെ പ്ലാന്‍ ഋ ലെ രണ്ടാമത്തെ ആ കെട്ടുപുള്ളി യാത്ര ആരംഭിച്ചു. ബസ്സ് പിന്നെയും ഋ പോലെ മുകളിലേക്ക് കുത്തനെ ഹെയര്‍ പിന്‍ വളവ് കയറിപ്പോകുകയാണ്. തണുപ്പിന്റെ കാഠിന്യവും കാടിന്റെ രൗദ്രതയും പിന്നെയും കൂടികൂടിവന്നു. ഇടക്കിടെ കാട്ടുപോത്തുകള്‍ വിഹരിക്കുന്നത് കാണാം. കാക്കാച്ചി ടീ എസ്റ്റേറ്റാണ് അടുത്തത്. അവിടെയും മനോഹരമായ തേയിലത്തോട്ടങ്ങള്‍. നാലുമുക്ക് പോസ്റ്റോഫീസിനടുത്തെത്തിയപ്പോള്‍ സ്പാനിഷ് സിനിമകളിലെ ഏതോ ഒരു ഭൂപ്രദേശം മനസ്സിലേക്ക് പാഞ്ഞെത്തിയപോലെ. നിരന്ന പുല്‍മേടാണ്. നടുക്കൊരു ഒരു തടാകവും. ടാറിട്ട റോഡില്‍ നിന്നും കുതറി മാറി പാത ആ വീടുകള്‍ക്കരികിലേക്ക്. അവിടെയൊരു പോസ്റ്റോഫീസ്. കരിങ്കല്ലില്‍ തീര്‍ത്ത കെട്ടിടങ്ങളും ലയങ്ങളും. മേല്‍ക്കൂരയില്‍ ആസ്ബറ്റോസ് പാറിപ്പോകാതിരിക്കാനെന്നു തോന്നുന്നു. നീലനിറമുള്ള ചാക്കുകള്‍ മണലുകെട്ടി നിരത്തി വെച്ചിരിക്കുന്നു. ബസ്സ് വീണ്ടും തിരിച്ചു. പാതകള്‍ വിണ്ടും നീണ്ടു. ബസ്സിന്റെ അവസാന സ്റ്റോപ്പായ ഊത്ത് മല തേയില എസ്റ്റേറ്റിലേക്ക്. ഓര്‍ഗാനിക് ചായക്ക് പ്രസിദ്ധമാണ് ഊത്ത് എസ്റ്റേറ്റ്. 150 വര്‍ഷത്തെ പഴക്കമുണ്ട് ഈ തോട്ടങ്ങള്‍ക്ക് തേയിലത്തോട്ടങ്ങളെ ചുറ്റിവരിയുന്ന പാതകള്‍. ബസ്സില്‍ പരിചയപ്പെട്ട ആ രണ്ടുപേര്‍ ഊത്തില്‍ നിന്നും ഒരു സംഘത്തോടൊപ്പം കൂടി. അവര്‍ തിരിച്ചുള്ള യാത്രയില്‍ നാലുമുക്കിലിറങ്ങി. ആ മനോഹര തീരത്ത് അവര്‍ ആഘോഷിക്കാനെത്തിയതാണ്. വന്ന വഴിയെ തളര്‍ന്നൊരൊറ്റയാനയെപ്പോലെ ബസ്സ് മലകളിറങ്ങി. കൂളിര് കൂടി വന്നു. ഏവരും ബസ്സിന്റെ ചില്ലുജാലക ഷട്ടറുകള്‍ താഴ്ത്തി. ഇരുട്ടില്‍ കാട്ടുപാതയില്‍ വെട്ടം വീശി ബസ് അമ്പൈയിലേക്ക് ചുരം കടന്ന് ഊര്‍ന്നിറങ്ങി. മൂന്ന് മണിക്കൂര്‍ നീണ്ട് യാത്ര.. കല്ലിടാംകുറിച്ചി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാത്രി 7.45ന് തിരുനല്‍വേലിയിലേക്കും, തിരുന്നല്‍ വേലിയില്‍ നിന്ന് രാത്രി 9 ന് നാഗര്‍ കോവിലിലേക്കും പാസഞ്ചര്‍ ട്രെയിനുകള്‍ എന്നെയും കാത്തു നിന്നതായിരിക്കാം, മടക്കയാത്രക്ക് മുട്ടുണ്ടായില്ല.

എന്തോ ..പെപ്പിനോയെപ്പോലെ ഒരു ലക്ഷ്യവുമില്ലാതെ അലഞ്ഞുതിരിഞ്ഞ ആ പകല്‍ യാത്രയും
രാത്രിയാത്രയും അതി മനോഹരമായി തോന്നി.