News

കേരളത്തില്‍ നിന്ന് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതികളുമായി ഇസ്രായേല്‍

മലയാളികള്‍ ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍. അതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്‍. ഇതിന്റെ ഭാഗമായി ഇസ്രായേല്‍ വിമാന കമ്പനി അര്‍ക്യ കേരളത്തിലേക്ക് പുതിയ രണ്ട് ഡയറക്റ്റ് ഫ്ലൈറ്റുകളുടെ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.

ലോകത്തെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ഇസ്രായേല്‍. ചരിത്രപരമായും മതപരമായും ഒരുപാട് പ്രാധാന്യമുള്ള സ്ഥലമാണ് ഇസ്രായേല്‍. ഇസ്രായേലില്‍ വരുന്ന ഇന്ത്യന്‍ സഞ്ചാരികളില്‍ 20 ശതമാനം ആളുകളും കേരളത്തില്‍ നിന്നുമാണ്. 39,500 ഇന്ത്യക്കാരാണ് 2015-ല്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചത്. ഇത് ഈ വര്‍ഷം അവസാനത്തോടെ 80,000 ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇസ്രായേലില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന നഗരം ജെറുസലേം ആണ്. വര്‍ഷം തോറും 3.4 മില്യണ്‍ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ചരിത്രപ്രസിദ്ധമായ നിരവധി ആകര്‍ഷണങ്ങളാണ് ജെറുസലേമില്‍ ഉള്ളത്. ജെറുസലേം ഓള്‍ഡ് സിറ്റി, ദി ടെംപിള്‍ മൗണ്ട്, ദി വെസ്റ്റേണ്‍ വോള്‍, ടെല്‍ അവിവ്, മസാദ റബ്ബി സൈമിയോണ്‍ ബാര്‍ യോച്ചായി കല്ലറ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

ജെറുസലേം കഴിഞ്ഞാല്‍ സഞ്ചാരികളുടെ ഇഷ്ട സ്ഥലം ടെല്‍ അവിവ് ആണ്. 2010-ലെ നാഷണല്‍ ജിയോഗ്രാഫിക് തിരഞ്ഞെടുത്ത 10 മികച്ച ബീച്ചുകളില്‍ ടെല്‍ അവിവ് നഗരവും ഇടം നേടി. രാത്രി ആഘോഷങ്ങളും പാര്‍ട്ടിയും ഇഷ്ടപ്പെടുന്ന യുവാക്കളുടെ പ്രിയപ്പെട്ട സ്ഥലമാണ് ഇത്. മിഡില്‍ ഈസ്റ്റിലെ ‘ഒരിക്കലും ഉറങ്ങാത്ത നഗരം’ എന്നാണ് ടെല്‍ അവിവ് അറിയപ്പെടുന്നത്.

കൊണ്ടെ നാസ്റ്റ് ട്രാവല്‍ മാസികയുടെ ഒക്ടോബര്‍ 2016-ലെ പതിപ്പില്‍ വായനക്കാരില്‍ നടത്തിയ സര്‍വേയില്‍ ടെല്‍ അവിവിനും ജെറുസലേമിനും 17ഉം 28ഉം റാങ്ക് ആണ് ലഭിച്ചത്. ലോക സാമ്പത്തിക ഫോറം അവരുടെ 141 രാജ്യങ്ങള്‍ അടങ്ങുന്ന 2017 ടൂറിസം കോമ്പറ്റിറ്റീവ്നെസ് ഇന്‍ഡക്സില്‍ ഇസ്രായേലിന് 61-ാം റാങ്ക് ആണ് നല്‍കിയിരിക്കുന്നത്. 2015-ല്‍ 72-ാം റാങ്ക് ആയിരുന്നു.

‘കൂടുതല്‍ സഞ്ചാരികള്‍ കേരളത്തില്‍ നിന്നും എത്തുന്നുള്ളതുകൊണ്ട് ഞങ്ങള്‍ കേരളത്തില്‍ വിസ സെന്റര്‍ ആരംഭിക്കും. അതോടെ കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ബാംഗ്ലൂര്‍ സെന്ററില്‍ ആശ്രയിക്കേണ്ട കാര്യമില്ല.’- ഇസ്രായേല്‍ മിനിസ്ട്രി ഓഫ് ടൂറിസം (ഇന്ത്യ, ഫിലിപ്പീന്‍സ്) ഡയറക്ടര്‍ ഹസ്സന്‍ മദഹ് പറഞ്ഞു.

‘അഗ്രോ-ടൂറിസം ആണ് ഇസ്രയേലിലെ പ്രധാന മേഖല. പരിമിതമായ സ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ വരുമാനം കണ്ടെത്താനും ഉല്പാദനം കൂട്ടാനുമാണ് ഇപ്പോള്‍ നോക്കുന്നത്. ഇസ്രായേലിലെ ക്ഷീരോത്പാദന കേന്ദ്രം, ജൈവകീടനാശിനി എന്നിവ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഒരുപാട് ഉപകാരപ്പെടും. മഹാരാഷ്ട്ര അവരുടെ കര്‍ഷകര്‍ക്ക് ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ പ്രത്യേക സബ്സിഡി ഒരുക്കുന്നു. ഓരോ മൂന്ന് വര്‍ഷം കൂടുമ്പോളും ഇസ്രായേല്‍ അഗ്രിടക്ക് എക്സ്‌പോ സംഘടിപ്പിക്കുന്നുണ്ട്.

‘അര്‍ക്യയുടെ കേരളത്തിലേക്കുള്ള പുതിയ സര്‍വ്വീസുകള്‍ ഇസ്രായേലില്‍ നിന്നും കൂടുതല്‍ സഞ്ചാരികളെ കേരളത്തില്‍ എത്തിക്കും. കേരളത്തിലെ ബാക്ക്‌വാട്ടര്‍, ബീച്ചുകള്‍, ഹില്‍ സെഷനുകള്‍, ആയുര്‍വേദം, പച്ചപ്പ് എന്നിവ കാണാന്‍ നിരവധി പേരാണ് ഇസ്രായേലില്‍ നിന്നും എത്തുന്നത്. ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും ഇസ്രായേലിലേക്ക് ഡയറക്റ്റ് ഫ്ലൈറ്റുകള്‍ നിലവില്‍ ഉണ്ട്. വിസ നടപടികള്‍ എളുപ്പമാക്കുകയും ഫീസ് കുറക്കുകയും ചെയ്തിട്ടുണ്ട്’ഹസ്സന്‍ പറഞ്ഞു