ഹര്‍ത്താലുകളില്‍ നിന്ന് ടൂറിസത്തെ ഒഴിവാക്കണം; മൗനജാഥ നടത്തി ടൂറിസം മേഖല
അടിക്കടി നടക്കുന്ന ഹര്‍ത്താലുകളില്‍ നിന്ന് ടൂറിസത്തെ ഒഴിവാക്കണമെന്ന ആവശ്യം പ്രാവര്‍ത്തികമാക്കാത്തതിനാല്‍ ടൂറിസം മേഖല പ്രതിഷേധ പ്രകടനം നടത്തി. കത്തിച്ച മെഴുകുതിരികള്‍ ഏന്തി മൗനജാഥ നടത്തിയായരുന്നു ടൂറിസം മേഖലയുടെ പ്രതിഷേധം.
പ്രധാന വിനോദ സഞ്ചാര സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധം. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ് ) നേതൃത്വത്തില്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ വരെ ജാഥ നടത്തി.
പ്രതിഷേധ പ്രകടനത്തില്‍സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫെഡറേഷന്‍ (എസ് കെ എച്ച് എഫ്), അസോ. ഓഫ് പ്രൊഫഷണല്‍സ് ഇന്‍ ടൂറിസം ( എ പി ടി ), ടൂറിസം പ്രൊഫഷണല്‍സ് ക്ലബ്ബ് (ടി പി സി ), കോണ്‍ഫെഡറേഷന്‍ ഓഫ് അക്രഡിറ്റഡ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് (കാറ്റോ ) ‘ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി ( സി കെ ടി ഐ ) എന്നിവര്‍ പങ്കെടുത്തു.
കൊച്ചിയില്‍ ടൂറിസം പ്രഫഷണല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ മറൈന്‍ ഡ്രൈവില്‍ നിന്നും തുടങ്ങിയ മൗനജാഥ രാജാജി മൈതാനിയില്‍ അവസാനിച്ചു. സേവ് മൂന്നാര്‍ എന്ന മുദ്രവാക്യത്തോടെയായിരുന്നു മൂന്നാര്‍ മേഖലയില്‍ പ്രകടനം നടത്തിയത്.
കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നിന്ന് ടൂറിസത്തെ പൂര്‍ണമായും ഒഴിവാക്കണം എന്ന ആവശ്യമാണ് ഉയര്‍ന്ന് വന്നത്. പ്രളയാനന്തരം ആരംഭിച്ച് പുതിയ ടൂറിസം സീസണ്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ടൂറിസം വ്യവസായികളും അനുബന്ധ മേഖലകളിലുള്ളവരും കാണുന്നത്.
എന്നാല്‍ അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ കേരളത്തിലെ ടൂറിസം വ്യവസായത്തെ കൂടുതല്‍ പരുങ്ങലിലാക്കുകയാണ്. ഇതിന് പരിഹാരമായി ഹര്‍ത്താലുകളില്‍ നിന്ന് ടൂറിസത്തെ പൂര്‍ണമായി ഒഴിവാക്കും എന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല.