Kerala

എന്റെ കൂട് പദ്ധതിക്ക് പിന്നാലെ സ്ത്രീകള്‍ക്കായി വണ്‍ ഡേ ഹോം വരുന്നു

നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി കഴിയാന്‍ തലസ്ഥാനത്ത് വണ്‍ ഡേ ഹോം പദ്ധതി ഉടന്‍ വരുന്നു. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ആരംഭിക്കാന്‍ പോകുന്ന വണ്‍ ഡേ ഹോം വനിത ശിശുവികസന വകുപ്പിന്റെ നിയന്ത്രണത്തിലാണു്ള്ളത്. കഴിഞ്ഞ ദിവസം സാമൂഹ്യനീതി വകുപ്പ് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ‘എന്റെ കൂട്’ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. ഇത് കൂടാതെ ആണ് വണ്‍ ഡേ ഹോം സൗകര്യവും എത്തുന്നത്.

രാത്രി നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി തങ്ങാനാണ് ‘എന്റെ കൂട് പദ്ധതി. എന്നാല്‍, വണ്‍ ഡേ ഹോം സ്ത്രീകള്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ ഒരുക്കിയിരിക്കുന്ന സുരക്ഷിതമായ താമസ സൗകര്യമാണ്. ഇന്റര്‍വ്യൂ, പരിശീലനം, മീറ്റിംഗ്, പ്രവേശന പരീക്ഷ, യാത്രകള്‍ എന്നിവക്കായി ഒറ്റയ്ക്ക് തലസ്ഥാനത്ത് എത്തുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി ആരംഭിക്കുന്നത്.

എയര്‍ കണ്ടീഷന്‍ ചെയ്ത റൂമുകള്‍ ആണ് വണ്‍ ഡേ ഹോമില്‍. തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ എട്ടാംനിലയിലാണ് 1,650 ചതുരശ്ര മീറ്ററുള്ള അഭയകേന്ദ്രം പ്രവര്‍ത്തിക്കുക. ഇതിന്റെ വാടകയില്‍ നിന്നും ലഭിക്കുന്ന വരുമാനം വനിത ശിശുവികസന വകുപ്പ് നഗരസഭയുമായി പങ്കുവെക്കും. 22 ലക്ഷം ആണ് ഇന്റീരിയര്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ചിലവാകുക. കരാര്‍ അനുസരിച്ച് നാല് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

‘സാധാരണ, സ്ത്രീകള്‍ക്ക് ഹോട്ടലുകളില്‍ കുറച്ചു ദിവസം താമസിക്കാന്‍ വന്‍ തുകയാണ് ചിലവാവുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് വൃത്തിയും സുരക്ഷിതവുമായ താമസ സൗകര്യം കുറഞ്ഞ ചിലവില്‍ ഒരുക്കികൊടുക്കുക എന്നാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന് ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അടുത്ത ആഴ്ചയോടെ കെഎസ്ആര്‍ടിസി എഞ്ചിനീയറിംഗ് വിഭാഗം ഇന്റീരിയര്‍ പ്ലാന്‍ പരിശോധിച്ച് അംഗീകരിക്കും. പത്തു ദിവസത്തിനുള്ളില്‍ നിര്‍മ്മാണം ആരംഭിക്കും.’- പദ്ധതിയുടെ ചുമതലയുള്ള വനിത ശിശുവികസന വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 100 രൂപയാണ് ഒരു ദിവസത്തെ വാടക. കുറഞ്ഞ ചിലവില്‍ നല്ല ഭക്ഷണവും ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.