India

ഇന്ത്യയിലെ ആദ്യ വിന്റേജ് കാര്‍ ലേലം 21ന് നടക്കും

വിന്റേജ് കാറുകള്‍ ഉള്‍പ്പെടെ പുരാതന വാഹനങ്ങള്‍ സ്വന്തമാക്കുന്നത് ഇന്ത്യയിലുള്ളവരുടെയും ഹോബിയായി തുടങ്ങിയിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ സ്വന്തമാക്കാന്‍ വിദേശ രാജ്യങ്ങളില്‍ ലേലങ്ങള്‍ നടക്കാറുണ്ട്. ഇന്ത്യയില്‍ ഇത് ക്ലാസിക് കാര്‍ നെറ്റ്‌വര്‍ക്കിലൂടെയായിരുന്നു. എന്നാല്‍ ആദ്യമായി ഇന്ത്യയിലും ഒരു വിന്റേജ് കാര്‍ ലേലം നടക്കാനൊരുങ്ങുന്നു.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്റ്റാഗുരു എന്ന കമ്പനിയാണ് ഇന്ത്യയിലാദ്യമായി വിന്റേജ് കാറുകളുടെ ലേലം സംഘടിപ്പിക്കുന്നത്. നവംബര്‍ 21-നാണ് ആസ്റ്റാഗുരു വെബ്‌സൈറ്റ് മുഖേനയാണ് വിന്റേജ് കാറുകളുടെ ലേലം നടക്കുന്നത്.

മുംബൈയില്‍ പഴയ കാറുകളുടെ ശേഖരമുള്ള സ്വകാര്യവ്യക്തികളെ ഉള്‍പ്പെടുത്തിയാണ് ലേലം ഒരുക്കുന്നത്. 1947 മോഡല്‍ റോള്‍സ് റോയിസ് സില്‍വര്‍ റെയ്ത്ത് മുതല്‍ 1960 മോഡല്‍ അംബാസിഡര്‍ മാര്‍ക്ക്1 വരെയുള്ള പത്തോളം പഴയ വാഹനങ്ങള്‍ ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1936 മോഡല്‍ ക്രൈസ്‌ലര്‍ എയര്‍സ്ട്രീം, 1937 മോഡല്‍ മോറിസ്-8 സെഡാന്‍, 1956 മോഡല്‍ ടോഡ്ജ് കിങ്‌സ്‌വേ, 1957 മോഡല്‍ സ്റ്റഡ്‌ബേക്കര്‍ കമാന്‍ഡര്‍, ഷെവര്‍ലെ സ്‌റ്റൈല്‍ ലൈന്‍ ഡീലക്‌സ്, 1963 മോഡല്‍ ഫിയറ്റ് 1100, 1969 മോഡല്‍ ഫോക്‌സ് വാഗണ്‍ ബീറ്റില്‍, ബെന്‍സ് 170എസ് തുടങ്ങിയവയാണ് ലേലത്തില്‍ അണിനിരക്കുന്ന മറ്റ് മോഡലുകള്‍

ന്യായമായ വിലയില്‍ വാഹനപ്രേമികളില്‍ വിന്റേജ് കാര്‍ എത്തിക്കുന്നതിനാണ് ഈ ലേലം നടത്തുന്നതെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. പഴയ വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ആളുകള്‍ കാണിക്കുന്ന താത്പര്യം കണക്കിലെടുത്താണ് ഈ പരീക്ഷണമെന്നും സംഘാടകര്‍ അറിയിച്ചു.