വിനോദസഞ്ചാരികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ അറ്റോയിയുടെ പ്രതിഷേധ ജാഥ
അപ്രഖ്യാപിത ഹര്‍ത്താലുകള്‍ക്കെതിരെയും കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താല്‍ ദിനത്തില്‍ വിദേശ വിനോദ സഞ്ചാര സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിനെതിരെയും പ്രതിഷേധിച്ചുകൊണ്ട് ‘Save Kerala Tourism’ എന്ന മുദ്രാവാക്യവുമായി അസോസിയേഷന് ഓഫ് ടൂറിസം ട്രെയ്ഡ് ഓര്ഗനൈസേഷന് ഇന്ത്യ (ATTOI) – യുടെ നേതൃത്വത്തില്‍ നാളെ വൈകിട്ട് 6 മണിക്ക് കത്തിച്ച മെഴുകുതിരികളുമായി മൗനജാഥ നടത്തുന്നു.
ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇതര സംഘടനകളായ സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫെഡറേഷന് (SKHF) അസോസിയേഷന് ഓഫ് പ്രൊഫഷണല്‍സ് ഇന്‍ ടൂറിസം (APT) ടൂറിസം പ്രൊഫഷണല്‍സ് ക്ലബ് (TPC), കോണ്‍ഫെഡറേഷന്‍ ഓഫ് അക്രെഡിറ്റഡ് ടൂര്‍ ഓപ്പറേറ്റേഴ്സ് (CATO), കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി (CKTI) എന്നിവരും ജാഥയില്‍ പങ്കെടുക്കും .
പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് ആരംഭിച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ വരെ ആണ് ജാഥ. ഈ ജാഥയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകാര്‍, ഗൈഡുമാര്‍, ഹോംസ്റ്റേയ്ക്കാര്, ഹൗസ്ബോട്ടുകാര്‍, ട്രാന്‍സ്പോര്‍ട്ടര്‍മാര്‍ എന്നീ മേഖലകളിലെ ആളുകള്‍ അണിചേരുന്നു.
ഈ വര്‍ഷം ഉണ്ടായ പ്രളയംമൂലം തകര്‍ന്ന ടൂറിസം മേഖല ഇപ്പോള്‍ അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ മൂലം വലിയ തകര്‍ച്ചയാണ് നേരിടുന്നത്. ഇതിന് എതിരെയുള്ള ഒരു പ്രതിഷേധംകൂടിയാണ് ഈ ജാഥ.