Kerala

തൃക്കരിപ്പൂര്‍ വലിയപറമ്പ് കടപ്പുറത്ത് ജനകീയ ടൂറിസം പദ്ധതി ഒരുങ്ങുന്നു

വലിയപറമ്പ് പഞ്ചായത്തിലെ ജനകീയ ടൂറിസംപദ്ധതിയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. വിനോദ സഞ്ചാരികള്‍ക്കായി ടൂറിസം പോയിന്റുകള്‍ ഒരുക്കുകയും വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ വിളമ്പുകയും ഗ്രാമത്തിലെ പരമ്പരാഗത കൈത്തൊഴിലുകള്‍ സഞ്ചാരികള്‍ക്കായി പഠിപ്പിക്കുകയും ചെയ്യുന്നതിന് തൃക്കരിപ്പൂര്‍ കടപ്പുറം ഒരുങ്ങുകയാണ്.

നാലാംവാര്‍ഡ് വികസനസമിതിയുടെ നേതൃത്വത്തില്‍ 200ല്‍ പരം കുടുംബങ്ങള്‍ ഒത്തുചേര്‍ന്നാണ് ജനകീയ ടൂറിസം പദ്ധതിയായ ‘പാണ്ഡ്യാല പോര്‍ട്ട്’ അണിയിച്ചൊരുക്കുന്നത്. പദ്ധതിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് പാണ്ഡ്യാലക്കടവ് സുബ്രഹ്മണ്യകോവിലിന് സമീപം ഓഫീസ് ഞായറാഴ്ച തുറക്കും. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വിവിധങ്ങളായ പദ്ധതികളാണ് ഒരുക്കുന്നത്. പാണ്ഡ്യാലക്കടവിലെത്തുന്ന സഞ്ചാരികളെ സ്വാഗതംചെയ്യുന്ന കമാനങ്ങള്‍ തെങ്ങ് ഉപയോഗിച്ചാണ് നിര്‍മിച്ചിട്ടുള്ളത്. പ്ലാസ്റ്റിക്, ഫ്‌ളക്‌സ് എന്നിവ പ്രദേശത്തുനിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. തൊപ്പിവെച്ച വിദേശസഞ്ചാരിയുടെ രൂപവും പുതുതലമുറയിലെ മുടി വളര്‍ത്തിയ രൂപവും ശില്പി സുരേന്ദ്രന്‍ കൂക്കാനവും സംഘവുമാണ് ഒരുക്കുന്നത്. തെങ്ങിന്റെ വേരുകള്‍, ഒഴിഞ്ഞ കുപ്പിയുടെ ഭാഗങ്ങള്‍, തെങ്ങിന്‍ തടികള്‍, പേട്ട് തേങ്ങകള്‍, ചിരട്ടകള്‍, കടല്‍ ഉച്ചൂളി, തെങ്ങിന്‍ മടല്‍ തുടങ്ങിയവയാണ് പ്രധാനമായും നിര്‍മാണത്തിന് ഉപയോഗിച്ചത്.

വടക്കന്‍ പാട്ടിന്റെ ഓര്‍മ പുതുക്കി തെങ്ങിന്റെ പാണ് ഉപയോഗിച്ചുണ്ടാക്കിയ വാളും ചിരട്ടകൊണ്ടുള്ള പരിചയും ഏറെ ആകര്‍ഷകമാണ്. കവ്വായിക്കായലോരത്തും കടലിനരികിലുമായി രണ്ട് പരിസ്ഥിതി സൗഹൃദ കമാനങ്ങളും ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. പുല്ലുമേഞ്ഞ് ഒരുക്കിയ ഓഫീസിന് മുന്‍വശം ചരല്‍മണ്ണും കുളിര്‍മാവിന്റെ പശയും ചേര്‍ത്ത് മനോഹരങ്ങളായ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. കടല്‍ജീവിതം, പള്ളികള്‍, മോസ്‌കുകള്‍, ക്ഷേത്രങ്ങള്‍, വിവിധ തെയ്യങ്ങള്‍, ഒപ്പന സംഘം, പൂരക്കളിസംഘം, മത്സ്യകന്യക, കാളവണ്ടി, ആന, മാന്‍ തുടങ്ങി നിരവധി ചെറുചിത്രങ്ങളും വരച്ചിട്ടുണ്ട്. 18-ന് രാവിലെ 10.30ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന ഡയരക്ടര്‍ കെ.രൂപേഷ്‌കുമാര്‍ ഓഫീസ് ഉദ്ഘാടനം ചെയ്യും