News

ജനശതാബ്ദിക്ക് പകരം ഇനി എഞ്ചിനില്ലാത്തീവണ്ടികള്‍; ട്രെയിന്‍ 18 ട്രയല്‍ റണ്‍ ഇന്ന്

ഇന്ത്യയില്‍ ആദ്യമായി വികസിപ്പിച്ചെടുത്ത എന്‍ജിനില്ലാത്തീവണ്ടി ട്രെയിന്‍ 18ന്റെ ട്രയല്‍ റണ്‍ ഇന്ന് നടക്കും. ജനശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് പകരം സര്‍വീസ് നടത്താന്‍ സാധിക്കുന്ന ട്രെയിനാണ് ഇതെന്നാണ് റെയില്‍വേ അവകാശപ്പെടുന്നത്. ബറെയ്‌ലിയില്‍ നിന്ന് മൊറാദാബാദിലേക്കഉള്ള പാതയിലാണ് ട്രയല്‍ റണ്‍ നടത്തുന്നത്.

2018 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനാലാണ് ഈ സെമി ഹൈസ്പീഡ് ട്രെയിന് ട്രെയിന്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്. വൈദ്യുതിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മോട്ടോറുകള്‍ അടങ്ങുന്ന മൊഡ്യൂളുകളാണ് ട്രെയിനെ ചലിപ്പിക്കുന്നത്.

അതുകൊണ്ടുതന്നെ എന്‍ജിന്റെ സഹായമില്ലാതെ സ്വയം വേഗതയാര്‍ജ്ജിക്കാനുള്ള കഴിവ് ട്രെയിനിനുണ്ട്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയുള്ള ട്രെയിന്‍ 18 ന്റെ നിര്‍മ്മാണച്ചിലവ് 100 കോടി രൂപയാണ്. ജനശതാബ്ദി ട്രെയിനുകളെക്കാള്‍ 15 ശതമാനത്തോളം സമയലാഭം ട്രെയിന്‍ 18 യാത്രകളില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍.

മെട്രോ ട്രെയിനുകള്‍ക്ക് സമാനമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ട്രെയിന്‍ 18 നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളും 14 നോണ്‍-എക്‌സിക്യൂട്ടീവും കോച്ചുകളും ഉള്‍പ്പെടെ 16 ചെയര്‍കാര്‍ ടൈപ്പ് കോച്ചുകളാണ് ട്രെയിനിലുള്ളത്. എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ പരമാവധി 56ഉം നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ പരമാവധി 78ഉം യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാകും.

സിസിടിവി ക്യാമറകളും ഓട്ടോമാറ്റിക് ഡോറുകളുമുള്ള ട്രെയിനില്‍ ജിപിഎസ് -വൈഫൈ സേവനങ്ങളും ലഭ്യമാകും. ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ചവിട്ടുപടി പുറത്തേക്ക് വരുന്ന തരത്തിലാണ് ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.18 മാസമെടുത്ത് ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് ട്രെയിനിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.