Kerala

ഗജ ചുഴലിക്കാറ്റ്; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്നും നാളെയും മലയോര, തീരമേഖലകളിലുള്‍പ്പെടെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം. ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്കും പൊലീസ്, ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഇന്ന് വൈകീട്ട് മുതല്‍ നവംബര്‍ 19 വരെ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡും നാവികസേനയും മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പു നല്‍കണമെന്നും നിര്‍ദേശിച്ചു.