300 രൂപയുണ്ടോ? കരിമീന്‍ പിടിക്കാം, ഊണ് കഴിക്കാം ഫിഷ് വേള്‍ഡ് അക്വാ ടൂറിസം വില്ലേജിലെത്തിയാല്‍

തിരക്ക് പിടിച്ച ജീവിതത്തില്‍ പ്രകൃതിയുടെ മനോഹാരിത ആസ്വാദിച്ച് ഒരു ദിവസം ചിലവഴിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. കാഴ്ചകള്‍ക്കൊപ്പം രുചിയൂറുന്ന മീന്‍ കൂട്ടിയുള്ള ഊണ് കൂടി കിട്ടിയാലോ സംഗതി ഉഷാറായി.


കുറഞ്ഞ ചിവലില്‍ ഇവയൊക്കെ ആസ്വദിക്കണമെങ്കില്‍ ഫാം ടൂറിസം രംഗത്ത് വ്യത്യസ്ത മാതൃകയായ വൈക്കം തേട്ടകത്തെ ഫിഷ് വേള്‍ഡ് അക്വാ ടൂറിസം സെന്ററിലേക്ക് വരാം.
മൂവാറ്റുപുഴയുടെ കൈവഴിയായി ഒഴുകുന്ന കാരിയാര്‍ തീരത്ത് നിലകൊള്ളുന്ന സുന്ദരഭൂമിയിലേക്ക് വിദേശീയരും സ്വദശീയരുമടക്കം നിരവധിപേരാണ് എത്തുന്നത്. മുളയുടെ അലങ്കാര ഭംഗിയില്‍ പണിതുയര്‍ത്തിയ ഫിഷ് വേള്‍ഡ് അക്വാ ടൂറിസം സെന്ററിന് വിശേഷങ്ങള്‍ ഒരുപാടുണ്ട്.

വിനോദത്തിലൂടെ അറിവ് നേടാം, പ്രകൃതിയെ പഠിക്കാം എന്ന ലക്ഷ്യത്തേടെ 2014ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ദമ്പതികളായ വിപിനും അനിലയും തുടങ്ങിയ ഫാം ടൂറിസം പദ്ധതി ചുരുങ്ങിയ നാളുകള്‍ കൊണ്ട് ജനശ്രദ്ധയാകര്‍ഷിച്ചു. പ്രളയത്തിന്റെ പ്രതിസന്ധികളെല്ലാം അതിജീവിച്ച് മുന്നേറുകയാണ്.

ലോകത്തിലെ ആദ്യത്തെ ഫ്‌ളോട്ടിങ് സൈക്കിള്‍ ട്രാക്കാണ് ഫിഷ് വേള്‍ഡ് അക്വാ ടൂറിസം വില്ലേജിന്റെ മുഖ്യാകര്‍ഷണം.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ആസ്വദിക്കാവുന്ന നിരവധി കാഴ്ചകളും വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മല്‍സ്യകൃഷിയുടെയും വിനോദസഞ്ചാരത്തിന്റെ സാധ്യതയും ഒരുപോലെ പ്രയേജനപ്പെടുത്തുന്ന ജില്ലയിലെ ചുരുക്കം ചിലസ്ഥലങ്ങളിലൊന്നാണ് വൈക്കത്തെ ഫിഷ് വേള്‍ഡ് അക്വാ ടൂറിസം വില്ലേജ്.

കുട്ടികളെയാണ് ഫാമിലേക്ക് ഏറെ ആകര്‍ഷിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നും നൂറുകണക്കിനു കുട്ടികളാണ് വിനോദത്തിനും വിഞ്ജാനത്തിനുമായി ഇവിടെ എത്തിച്ചേരുന്നത്. കോട്ടയം കുമരകത്തു നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്തിച്ചേരാം.

നൂതനസാങ്കേതിക മികവില്‍ നിര്‍മിച്ച ഫ്‌ളോട്ടിങ് സൈക്കിളാണ് ഫാമിലെ പ്രധാന ആകര്‍ഷണം. സാഹസികവിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഫ്‌ളോട്ടിങ് സൈക്കിള്‍ പുതുമ നിറഞ്ഞ അനുഭവമാണ് സമ്മാനിക്കുക. കാല്‍ കിലോമീറ്റര്‍ ചുറ്റളവില്‍ വെള്ളത്തില്‍ പൊങ്ങികിടക്കുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം. കേരളത്തിലെ തന്നെ ഏറ്റവും വലിയ ശുദ്ധജല അക്വറിയവും ശംഖ്, കക്ക തുടങ്ങിയവയുടെ മ്യൂസിയവും ജലസസ്യങ്ങളുടെ പാര്‍ക്കുമാണ് മറ്റൊരു ആകര്‍ഷണം.

സ്വദേശീയ വിദേശീയ ഇനത്തല്‍പ്പെട്ട വര്‍ണമല്‍സ്യങ്ങളുടെ ശേഖരണം കുട്ടികളെയും മുതിര്‍ന്നവരെയും ആകര്‍ഷണവലയത്തിലാക്കുന്നു. മല്‍സ്യകൂട്ട് കൃഷി, അക്വാപോണിക്‌സ് പ്രാവ്, എന്നിവയുടെ പ്രദര്‍ശന യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. അമ്പെയ്ത്തിന്റെ ആവേശമറിയാനായ് ആര്‍ച്ചറിയും കുട്ടികള്‍ക്കായുള്ള പാര്‍ക്കും വാട്ടര്‍ സ്ലൈഡും റെയിന്‍ ബാത്തും ഫിഷ് വേള്‍ഡ് അക്വാ ടൂറിസം വില്ലേജിനെ വ്യത്യസ്തമാക്കുന്നു. കാഴ്ചകള്‍ ആസ്വദിക്കുന്നതിനൊപ്പം കാര്യങ്ങള്‍ പറഞ്ഞു കെടുക്കുവാന്‍ ഗൈഡും സജ്ജമാണ്.

പുഴയോരത്തെ നനുത്ത കാറ്റേറ്റ് വിശ്രമിക്കുവാനും ചൂണ്ടയിടുവാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ജലസവാരിക്കായി കുട്ടവഞ്ചിയും നാടന്‍ വഞ്ചിയും കനോയിങും റെഡിയാണ്. ഫിഷ് വേള്‍ഡ് അക്വാ ടൂറിസം വില്ലേജിനകത്ത് വളര്‍ത്തുന്ന കരിമീനിനെ ചൂണ്ടയിട്ടു പിടിക്കാം. കിലോയ്ക്ക് അഞ്ഞൂറ് രൂപ നിരക്കില്‍ ഇതു വാങ്ങാവുന്നതുമാണ്. ടൂറിസം വില്ലേജിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന പുഴയില്‍ നിന്നും ചൂണ്ടയിട്ട് പിടിക്കുന്ന മീനുകളെ ഫ്രീയായും കൊണ്ടുപോകാം.

ആവശ്യാനുസരണം തത്സമയം പാകം ചെയ്തുകെടുക്കുന്ന വിഭവങ്ങളും കായല്‍ രുചിയും നാടന്‍രുചിയും ചേര്‍ന്ന ചോറും കറികളുമെക്കെയാണ് കാഴ്ചകള്‍ കഴിഞ്ഞാല്‍ ഫിഷ് വേള്‍ഡ് അക്വാ ടൂറിസം വില്ലേജിലെ മറ്റൊരു ആകര്‍ഷണം.
കൈപുണ്യം നിറഞ്ഞ വിഭവങ്ങള്‍ സ്വദേശീയരടക്കം വിദേശീയര്‍ക്കും പ്രിയമാണ്. ഫോണ്‍ മുഖേനെ ബുക്കിങ് ഉള്ളതിനാല്‍ തിരക്കില്ലാത്ത ദിവസങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്.

സന്ദര്‍ശകര്‍ക്കായി രണ്ടുതരത്തിലുള്ള പാക്കേജുകളാണുള്ളത്. ഫാമിനുള്ളിലെ കാഴ്ചകളും ചൂണ്ടയിടലും വിനോദങ്ങളും ഊണും ഉള്‍പ്പടെ ഒരാള്‍ക്ക് 300 രൂപയുള്ള പാക്കേജും വെല്‍ക്കം ഡ്രിഗ്, ഊണ്, വൈകുന്നേരത്തെ സ്‌നാക്‌സ്, വിനോദങ്ങള്‍ റെയ്ന്‍ ബാത്ത് തുടങ്ങിയവ ഉള്‍പ്പെടുത്തി ഒരാള്‍ക്ക് 450 രൂപ ഈടാക്കുന്ന മറ്റൊരു പാക്കേജും നിലവിലുണ്ട്.