സാഹിത്യോത്സവത്തിനൊരുങ്ങി കോഴിക്കോട്
ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവത്തിന് വേദിയാകാന്‍ ഒരുങ്ങുകയാണ് കോഴിക്കോട് നഗരം. ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പിന് ജനുവരി 10ന് തുടക്കമാകും.
കലയുടെയും സാഹിത്യത്തിന്റെയും നാല് ദിവസം നീളുന്ന മാമാങ്കത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകമാളുകള്‍ പങ്കെടുക്കുന്നു. കോഴിക്കോട് കടപ്പുറത്ത് വെച്ച് നാല് വേദികളിലായി നടക്കുന്ന കെ.എല്‍.എഫിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സാഹിത്യകാരനായ കെ.സച്ചിദാനന്ദനാണ്.
സമകാലിക കലാരാഷ്ട്രീയസാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിനായി ദേശീയ-അന്തര്‍ദ്ദേശീയ തലത്തിലുള്ള പതിനായിരക്കണക്കിന് എഴുത്തുകാര്‍, ചിന്തകര്‍, കലാകാരന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, തത്ത്വചിന്തകര്‍ എന്നിവരാണ് കെ.എല്‍.എഫിനൊപ്പം ഒന്നിക്കുന്നത്.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്സൈറ്റ് http://www.keralaliteraturefestival.com/registration/ മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ്- കറന്റ് ബുക്സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.