Kerala

ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സിന്റെ കിരണ്‍ എയര്‍ക്രാഫ്റ്റ് സ്ഥാപിച്ചു

ആക്കുളം ടൂറിസ്റ്റ് വില്ലേജിനെ ആകര്‍ഷകമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയുടെ കിരണ്‍ എയര്‍ക്രാഫ്റ്റും. എയര്‍ക്രാഫ്റ്റ് സ്ഥാപിച്ചതിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.

ആക്കുളത്തിന്റെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന്റെയാകെ അഭിമാനമായ ഇന്ത്യന്‍ വ്യോമസേന നല്‍കുന്ന സ്നേഹാംഗീകാരമാണ് ഈ എയര്‍ക്രാഫ്റ്റെന്ന് മന്ത്രി പറഞ്ഞു.

1968 മുതല്‍ ഹൈദരാബാദ് എയര്‍ ഫോഴ്സ് അക്കാദമിയുടെ പരിശീലന വിമാനമായിരുന്നു കിരണ്‍ എം.കെ വണ്‍. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ പോലെ പ്രിയങ്കരമാകും ചരിത്ര പ്രാധാന്യമുള്ള കിരണ്‍ എയര്‍ ക്രാഫ്റ്റെന്ന് സതേണ്‍ എയര്‍ കമാന്റിംഗ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ബി. സുരേഷ് പറഞ്ഞു.

പത്ത് ലക്ഷം മണിക്കൂറുകള്‍ പറന്ന, ആറായിരം പൈലറ്റുകളെ പരിശീലിപ്പിച്ച ഈ എയര്‍ക്രാഫ്റ്റ് വ്യോമസേനയുടെ അഭിമാന താരമാണ്. ആകാശ അഭ്യാസത്തിലൂടെ വിസ്മയിപ്പിക്കുന്ന സൂര്യകിരണ്‍ സംഘത്തിലും ഈ എയര്‍ക്രാഫ്റ്റുണ്ടായിരുന്നു.

രാജ്യത്തിന്റെയും വ്യോമസേനയുടെയും ചരിത്രത്തില്‍ ഇടം നേടിയ കിരണ്‍ എയര്‍ക്രാഫ്റ്റ് ആക്കുളത്തിന്റെ ആകര്‍ഷണങ്ങളിലൊന്നാകും. ഉദ്ഘാടന ചടങ്ങില്‍ ഉഷാ ടൈറ്റസ് ഐഎഎസ്, ആക്കുളം വാര്‍ഡ് കൗണ്‍സിലര്‍ വി.ആര്‍ സിനി തുടങ്ങിയവര്‍ പങ്കെടുത്തു.