ചീറിപ്പായാന്‍ ജപ്പാന്റെ ആദ്യ ഡ്രൈവറില്ലാ ബുള്ളറ്റ് ട്രെയിന്‍ തയ്യാറെടുക്കുന്നു
മണിക്കൂറില്‍ 500 കിലോമീറ്റര്‍ വേഗത്തില്‍ ചീറിപ്പായാന്‍ ജപ്പാന്റെ ആദ്യ ഡ്രൈവറില്ലാ ബുള്ളറ്റ് ട്രെയിന്‍ തയ്യാറെടുക്കുന്നു. ഭൂമിയില്‍ നിന്ന് പത്തുസെന്റീമീറ്റര്‍ ഉയരത്തിലായിരിക്കും ഇത് ഓടുക. ആഗോളതലത്തില്‍ പൊതുഗതാഗതമേഖലയില്‍ ഉണ്ടാകാനിടയുള്ള കുതിപ്പ് മുന്‍കൂട്ടി കണ്ടാണ് ജപ്പാന് മാഗ്ലെവ് (കാന്തത്തില്‍ പ്രവര്‍ത്തിക്കുന്ന തീവണ്ടി) വികസിപ്പിച്ചത്.
കോണ്‍ക്രീറ്റ് പാതയ്ക്കുമുകളില്‍ സ്ഥാപിച്ചിരിക്കുന്ന അതിശക്തമായ കാന്തങ്ങളാണ് തീവണ്ടിയെ മുന്നോട്ടുനീക്കുന്നത്. മാഗ്ലെവ് പാളത്തിലെത്തുന്നതോടെ ചൈനയുടെ മണിക്കൂറില്‍ 430 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഏറ്റവും വേഗമേറിയ തീവണ്ടി പിന്നിലാകും.
2027-ഓടുകൂടി ബുള്ളറ്റ് ട്രെയിന്‍ പാളത്തില്‍ ഓടിത്തുടങ്ങും. ചൈനയെ തോല്പിക്കുന്നതിനുവേണ്ടിയല്ല മാഗ്ലെവ് വികസിപ്പിക്കുന്നതെന്ന് ജപ്പാന് വ്യക്തമാക്കി. രാജ്യത്തിന്റെ ആഭ്യന്തരാവശ്യം മുന്‍നിര്‍ത്തിയാണ് ഇത് നിര്‍മിക്കുന്നതെന്നും അവര്‍ പറഞ്ഞു.
അലുമിനിയം ലോഹക്കൂട്ടിലാണ് ബുള്ളറ്റ് ട്രെയിനിന്റെ ബോഡി നിര്‍മാണം. 30 സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഇതിനാകും. മൂന്നു മിനിറ്റിനുള്ളില്‍ പരമാവധി വേഗമായ മണിക്കൂറില്‍ 500 കിലോമീറ്ററിലും എത്തും.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. 4824 കോടി യു.എസ്. ഡോളറാണ് ചെലവ്. ജപ്പാനുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ഇന്ത്യ ബുള്ളറ്റ് ട്രെയിന്‍ നിര്‍മാണം സസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണ്. വലിയതോതില്‍ ചരക്കുനീക്കത്തിനും ആളുകളെ എത്തിക്കുന്നതിനും ഡ്രൈവറില്ലാ ബുള്ളറ്റ് ട്രെയിനിന്റെ സാധ്യതകളും ഇന്ത്യ ആരാഞ്ഞുവരുന്നു.