Kerala

കുമളി ഡിപ്പോയിലേക്ക് 10 മണ്ഡലകാല സ്‌പെഷ്യല്‍ ബസുകള്‍ അനുവദിച്ചു

ശബരിമല മണ്ഡലകാലത്ത് തീര്‍ഥാടകരുടെ യാത്രാസൗകര്യത്തിനായി 10 കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കുമളി ഡിപ്പോയ്ക്ക് അനുവദിച്ചു. കുമളിയില്‍ നിന്ന് പമ്പയിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ് എന്ന പേരിലാണ് ബസുകള്‍ ഓടുക.

നവംബര്‍ 17 മുതലാണ് ഈ സര്‍വീസുകള്‍ ആരംഭിക്കുക. തമിഴ്‌നാട്, കര്‍ണാടക തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്നവര്‍ക്കും പ്രാദേശിക തീര്‍ഥാടകര്‍ക്കും പ്രയോജനമാണ് ശബരിമല സ്‌പെഷ്യല്‍ സര്‍വീസുകള്‍.

തീര്‍ഥാടകരുടെ തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ കുമളിയില്‍നിന്ന് ആരംഭിക്കുവാനും കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ശബരിമല സീസണിലും സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തിയിരുന്നു.

ഇതിന് മികച്ച കളക്ഷന്‍ ലഭിച്ചിരുന്നു. ഇതിനുപുറമേ മകരവിളക്ക് ദിവസവും കുമളി-കോഴിക്കാനം സ്‌പെഷ്യല്‍ സര്‍വീസ് കെ.എസ്.ആര്‍.ടി.സി. നടത്തുന്നുണ്ട്.

കഴിഞ്ഞ മകരവിളക്കുദിവസം മാത്രം രണ്ടുലക്ഷത്തോളം രൂപയുടെ വരുമാനമാണ് കെ.എസ്.ആര്‍.ടി.സി.ക്കു ലഭിച്ചത്. ശബരിമല മണ്ഡലകാല ഒരുക്കങ്ങള്‍ക്കായി കഴിഞ്ഞ ദിവസം പഞ്ചായത്തുകള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ജില്ലാ ഭരണകൂടം അനുവദിച്ചിരുന്നു. തീര്‍ഥാടന കാലയളവില്‍ അയ്യപ്പഭക്തര്‍ കൂടുതലെത്തുന്ന പെരുവന്താനം, പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി പഞ്ചായത്തുകള്‍ക്കാണ് തുക അനുവദിച്ചത്.