സംസ്ഥാനത്തെ 77 ടൂറിസം കേന്ദ്രങ്ങളില്‍ ഗ്രീന്‍ കാര്‍പറ്റ് പദ്ധതി വരുന്നു
പൊതുജനപങ്കാളിത്തത്തോടെ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന ഗ്രീന്‍കാര്‍പറ്റ് പദ്ധതി ഈ വര്‍ഷം സംസ്ഥാനത്തെ 77 ടൂറിസം കേന്ദ്രങ്ങളില്‍ നടപ്പാക്കും.
അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതാണ് ഗ്രീന്‍ കാര്‍പറ്റ് പദ്ധതി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ടൂറിസം സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, നാഷണല്‍ സര്‍വ്വീസ് സ്കീം, കുടുംബശ്രീ, ശുചിത്വമിഷന്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഗ്രീന്‍കാര്‍പറ്റ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായ ശില്‍പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ടൂറിസം സീസണിന് മുന്നോടിയായി ഗ്രീന്‍കാര്‍പറ്റ് പദ്ധതി നടപ്പാക്കുന്നത്. 77 ടൂറിസം കേന്ദ്രങ്ങളിലായി 77 ഡെസ്റ്റിനേഷന്‍ മാനേജര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഈ ടൂറിസം കേന്ദ്രങ്ങളില്‍ ടൂറിസ്റ്റുകള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ ഇടപെട്ട് പരിഹരിക്കേണ്ട ചുമതല ഡെസ്റ്റിനേഷന്‍ മാനേജര്‍ക്കായിരിക്കും. ഓരോ ടൂറിസം ഡെസ്റ്റിനേഷനിലേയും കുറവുകള്‍ കണ്ടെത്തി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ടതും ഡെസ്റ്റിനേഷന്‍ മാനേജര്‍മാരുടെ ചുമതലയാണ്. ഈ മാസം 31 ഓടുകൂടി എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും പൂര്‍ണ സജ്ജമാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു.