Kerala

ജലമേളയ്‌ക്കൊരുങ്ങി പുന്നമടക്കായല്‍; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

പ്രളയദുരിതത്തില്‍ നിന്ന് മുന്നേറി അവര്‍ ഒരുങ്ങി. 66ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലില്‍ നടക്കും. ഗവര്‍ണര്‍ പി സദാശിവം ജലമേള ഉദ്ഘാടനം ചെയ്യുന്നതോടെ മത്സരങ്ങള്‍ ആരംഭിക്കും.

നെഹ്രുട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന വള്ളംകളിയാണ് ഇത്തവണത്തേത്. 81 ജലരാജാക്കന്മാര്‍ ആണ് ഇക്കുറി നെഹ്രുട്രോഫിയില്‍ പങ്കെടുക്കുന്നത്.

തെന്നിന്ത്യന്‍ സിനിമാ താരം അല്ലു അര്‍ജ്ജുനനോടൊപ്പം കേരളാ ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളും മുഖ്യാത്ഥികളായെത്തും. ഉദ്ഘാടനത്തിന് ശേഷം ആദ്യം നടക്കുന്നത് ചെറു വള്ളങ്ങളുടെ ഹീറ്റ്്‌സ് മല്‍സരങ്ങളാണ്.

ഉച്ചതിരഞ്ഞ് മൂന്നിനാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മല്‍സരങ്ങള്‍. ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മല്‍സരങ്ങള്‍ക്ക് ശേഷം വനിതകളുടെ മല്‍സരങ്ങള്‍ നടക്കും. പിന്നാലെ ചെറുവള്ളങ്ങളുടെ ഫൈനല്‍ മല്‍സരം നടക്കും.

വൈകിട്ട് അഞ്ചരയോടെയാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മല്‍സരങ്ങള്‍. സ്റ്റാര്‍ട്ടിംഗിന് ഇത്തവണ നൂതന സാങ്കേതിക വിദ്യയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ വള്ളങ്ങള്‍ക്കും ഒരേ സമയം മാത്രം പുറപ്പെടാന്‍ കഴിയുന്ന സംവിധാനമാണിത്.

ഗവര്‍ണര്‍ക്കും മുഖ്യഅതിഥികള്‍ക്കൊപ്പം മന്ത്രി തോമസ് ഐസക്, മന്ത്രി ജി.സുധാകരന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം തുടങ്ങിയവര്‍ പങ്കെടുക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി വള്ളംകളി കാണുന്നതിന് പ്രത്യേകം ഇരിപ്പിടങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബയോ ടോയ്‌ലെറ്റുകളും തയ്യാറാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് വിശ്രമിക്കുന്നതിനുള്ള പ്രത്യേക സൗകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

നെഹ്രുട്രോഫി വള്ളംകളിയുടെ ഭാഗമായി ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ ആലപ്പുഴ നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ ആറു മുതല്‍ ആലപ്പുഴ നഗരത്തിലെ റോഡുകളില്‍ പാര്‍ക്കിങ് അനുവദിക്കില്ല. അനധികൃതമായി പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കി ഉടമയില്‍നിന്ന് പിഴ ഈടാക്കും.

രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ ജില്ലാക്കോടതി വടക്കെ ജങ്ഷന്‍ മുതല്‍ കിഴക്കോട്ട് തത്തംപള്ളി കായല്‍ കുരിശ്ശടി ജങ്ഷന്‍ വരെ വാഹനഗതാഗതം അനുവദിക്കില്ല. കണ്‍ട്രോള്‍ റൂം മുതല്‍ കിഴക്ക് ഫയര്‍ഫോഴ്‌സ് ഓഫീസ് വരെയുള്ള ഭാഗത്ത് കെ.എസ്.ആര്‍.ടി.സി. ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതവും അനുവദിക്കില്ല.

വള്ളംകളി കാണാന്‍ ആലപ്പുഴ തണ്ണീര്‍മുക്കം റോഡിലൂടെ വടക്കു ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ എസ്.ഡി.വി. സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യണം. എറണാകുളം ഭാഗത്തുനിന്ന് ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങള്‍ കൊമ്മാടിവഴി വന്ന് എസ്.ഡി.വി. സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യണം. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് കൈതവന ഭാഗത്തുകൂടി വരുന്ന വാഹനങ്ങള്‍ കാര്‍മല്‍, സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യണം.

രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടുവരെ ഹെവികണ്ടെയ്‌നര്‍ ടൗണില്‍ പ്രവേശിക്കാന്‍ പാടില്ല. തെക്കുഭാഗത്തുവരുന്ന ഹെവികണ്ടെയ്‌നര്‍ വാഹനങ്ങള്‍ കളര്‍കോട് ബൈപ്പാസിലും വടക്കുഭാഗത്തുനിന്ന് വരുന്നവ കൊമ്മാടി ബൈപ്പാസിലും പാര്‍ക്ക് ചെയ്യണം.