കിറ്റ്സിലെ പരിപാടികളില്‍ അതിഥിയായെത്തി; ടൂറിസത്തെക്കുറിച്ച് അറിഞ്ഞു; ഇപ്പോള്‍ നഗരസഭാ കൗണ്‍സിലര്‍ കിറ്റ്സ് വിദ്യാര്‍ഥിനി
തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് അഥവാ കിറ്റ്സ് സ്ഥിതിചെയ്യുന്നത് തൈക്കാട് വാര്‍ഡിലാണ്. ഇവിടെ നഗരസഭാ കൌണ്‍സിലര്‍ വിദ്യാ മോഹനാണ്. കിറ്റ്സില്‍ ഔദ്യോഗിക പരിപാടികള്‍ നടക്കുമ്പോഴൊക്കെ സ്ഥലം കൌണ്‍സിലര്‍ വിദ്യാ മോഹനെയും അതിഥിയായി ക്ഷണിക്കും.
അങ്ങനെ ടൂറിസം രംഗത്തെ സാധ്യതകള്‍ മനസിലാക്കിയ കൌണ്‍സിലര്‍ ഇവിടെ വിദ്യാര്‍ഥിയായി ചേര്‍ന്നു.
ബിരുദപഠനം പൂർത്തിയായ ഉടനെയാണ‌് നഗരസഭാ തെരഞ്ഞെടുപ്പിൽ വിദ്യ സ്ഥാനാർഥിയാകുന്നത‌്. തൈക്കാട‌് വാർഡിൽനിന്ന് വിജയിക്കുകയുംചെയ‌്തു. പിജി ചെയ്യണമെന്നായിരുന്നു ആഗ്രഹം. കൗൺസിലറായി ചുമതലയേറ്റതോടെ തുടർന്ന‌് പഠിക്കാൻ സാധിച്ചില്ല. എംബിഎ ചെയ്യാനായിരുന്നു ആഗ്രഹം.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ഥാപനമാണ‌് കിറ്റ‌്സ‌്. കൂടുതൽ അടുത്തറിഞ്ഞതോടെ തുടർപഠനത്തിനുള്ള മോഹം മനസ്സിലെത്തി. എംബിഎ ടൂറിസം ആൻഡ‌് ട്രാവൽ കോഴ‌്സിന‌് അപേക്ഷിച്ചു. പ്രവേശനം ലഭിച്ചതോടെ കിറ്റ‌്സിൽ എത്തി. സ്വന്തം വാർഡിലുള്ള സ്ഥാപനമെന്ന സൗകര്യമുണ്ട‌്.
വിദ്യാർഥിയെന്നനിലയിൽ പഠനവും ക്ലാസും ജനപ്രതിനിധിയെന്ന നിലയിൽ കൗൺസിലറുടെ ഉത്തരവാദിത്തങ്ങളും ഒരേപോലെ കൊണ്ടുപോകാനും നിർവഹിക്കാനും കഴിയുന്നു. കിറ്റ‌്സിൽ പ്രിൻസിപ്പലും അധ്യാപകരും സഹപാഠികളായ വിദ്യാർഥികളും എല്ലാവിധ സഹായങ്ങളും നൽകുന്നു–-വിദ്യ പറഞ്ഞു