വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇനി ക്യാമറക്കണ്ണുകളില്‍
ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന് കീഴില്‍ വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇനി ക്യാമറകള്‍. ജില്ലയില്‍ ഇടയ്ക്കിടെ മാവോവാദി സാന്നിധ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലാണിത്.
പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ്, കുറുവ ദ്വീപ്, കര്‍ളാട് തടാകം, കാന്തന്‍പാറ എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്.
പൂക്കോട്ട് നേരത്തേതന്നെ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. പ്രിയദര്‍ശിനിയില്‍ ഒമ്പത് ക്യാമറകള്‍ സ്ഥാപിക്കാനായി 1,83,750 രൂപയും കുറുവയില്‍ 13 ക്യാമറകള്‍ക്കായി 6,12,500 രൂപയും 27 ക്യാമറകള്‍ സ്ഥാപിക്കുന്ന കര്‍ളാടിന് 7,96,250, കാന്തന്‍പാറയില്‍ എട്ട് ക്യാമറകള്‍ക്ക് 4,28,750 രൂപ ഉള്‍പ്പെടെ 20,21,250 രൂപയാണ് ഡി.ടി.പി.സി. ചെലവഴിക്കുന്നത്.
ജില്ലാ നിര്‍മിതികേന്ദ്രമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. പോലീസിന്റെ നിര്‍ദേശപ്രകാരമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഈ മാസം അവസാനത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
വനമേഖലയോടുചേര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാവോവാദി സാന്നിധ്യം സ്ഥിരമായി ഉണ്ടാകുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ഡി.ടി.പി.സി. തീരുമാനിച്ചത്.